സ്വന്തം കാര്യം വരുമ്പോള്‍ എല്ലാവരും സുന്നികളെപ്പോലെയാവും

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ /നുഐമാന്‍  

10981294_801684256582067_1580664261899903372_o1947 കള്‍ക്ക് ശേഷമുള്ള സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യമായ ആത്മവിശ്വാസവും സാമൂഹിക  ഉൗര്‍ജ്ജവും  സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ  കൈവരിച്ചവരായിരുന്നു കേരളത്തിലെ ഒട്ടുമിക്ക മത ജാതി വിഭാഗങ്ങളും. മുസ്‌ലിംകളും ദളിതുകളുമായിരുന്നു ഇതിനൊരപവാദം.  മറ്റു  മത-ജാതി വിഭാഗങ്ങള്‍ക്ക് ലഭ്യമായ പല സൗകര്യങ്ങളും സാഹചര്യങ്ങളും ഇവര്‍ക്ക്  ലഭിക്കാതെ പോയി. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക്  നടന്നെത്താന്‍ കഴിയുന്ന ദൂരങ്ങള്‍  മുസ്ലിം-ദളിത് വിഭാഗങ്ങള്‍ക്ക് പലപ്പോഴും ഒാടിപ്പിടിക്കേണ്ടിവന്നു. 1960കളോടെയായിരുന്നു സാമൂഹിക പദവിയുടെ കാര്യത്തില്‍ വ്യത്യസ്ത  സമുദായങ്ങള്‍ക്കിടയിലുണ്ടായിരുന്ന ഇത്തരം മാറ്റങ്ങള്‍ ഏറെ പ്രകടമായി തുടങ്ങിയത്.  ജോലി, വിദ്യഭ്യാസം, ആരോഗ്യം തുടങ്ങി  സര്‍ക്കാറുകളുടെ നയ രൂപീകരണം വരെയുള്ള കാര്യങ്ങളില്‍ വലിയ സമ്മര്‍ദ്ധശക്തിയായി പ്രവര്‍ത്തിക്കുന്നതിലും  അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും  മുസ്‌ലിമേതര മത-ജാതി വിഭാഗങ്ങള്‍ വന്‍ തോതില്‍ വിജയിച്ചപ്പോള്‍, മുസ്‌ലിംകള്‍ ഒരിക്കല്‍ കൂടി സമൂഹത്തിന്റെ അരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടു. നിന്നേടത്തു നിന്ന് കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതിലേക്ക് ഒരു വിഭാഗം വളര്‍ന്നപ്പോള്‍ കാഴ്ചക്കാരായി നില്ക്കാനായിരുന്നു മുസ്‌ലിംകളുടെ നിയോഗം. ഒാടാന്‍ പോയിട്ട്, നീണ്ടുനിവര്‍ന്നൊന്നു നടക്കാന്‍ പോലുമാകാതെ  മലയാളി മുസ്‌ലിംകള്‍ നിന്നു കിതച്ചു. സമുദായത്തിനു വേണ്ടി  ഒാടിനടന്ന് കാര്യങ്ങള്‍ ചെയ്യുന്ന ഒരാളെ കിട്ടുമോ എന്ന്, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകളെ  കഴിഞ്ഞ ഒരു നൂറ്റാണ്ടോളം കാലമായി ഏറ്റവും അധികം സ്വാധീനിക്കുകയും അവരുടെ നിത്യ ജീവിതത്തെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിക്കുകയും ചെയ്ത  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അന്വേഷണം ആരംഭിച്ചത് ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ്. അങ്ങനെയൊരാളെ അവര്‍ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിലായിരുന്നു.  ആലുങ്ങാപൊയില്‍ അബൂബക്കര്‍ എന്ന യുവപണ്ഡിതനായിരുന്നു ഇൗ നിയോഗം ഏറ്റെടുക്കാന്‍ ഭാഗ്യം ലഭിച്ചയാള്‍.  സമുദായത്തിനു വേണ്ടി, അവരുടെ ദൈനം ദിന ആവശ്യങ്ങള്‍ക്ക്  വേണ്ടി ഒാടി നടന്ന് കാര്യങ്ങള്‍ ചെയ്യുക എന്ന ഉത്തരവാദിത്തമായിരുന്നു സമസ്ത ആ യുവപണ്ഡിതനെ എല്‍പ്പിച്ച ചുമതല. 

സമസ്തയുടെ തിരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന് കാലം പിന്നീട് തെളിയിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമസ്തയുടെ നേതൃ പദവിയില്‍ എത്തിയതിനു ശേഷം ആ പ്രസ്ഥാനത്തിനും ആ പ്രസ്ഥാനത്തിലൂടെ കേരളത്തിലെ മുസ്‌ലിംകള്‍ക്കും ഉണ്ടായ മാറ്റങ്ങള്‍ ഇന്ന്  ചരിത്രത്തിന്റെ ഭാഗമാണ്. സമുദായത്തിനു വേണ്ടി, അവരുടെ ഭാവിക്ക് വേണ്ടി അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും നടത്തിയ ഒാട്ടങ്ങള്‍ വെറുതെയായില്ല. കേരളത്തിലെ ഒരു സാമുദായിക സമ്മര്‍ദ്ധ ശക്തിയായി മുസ്‌ലിം സാമന്യ ജനത്തെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. നിന്നേടത്തു നിന്നു തന്നെ കാര്യങ്ങള്‍ സാധിച്ചെടുക്കാം എന്ന നിലയിലേക്ക് അദ്ദേഹം കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. മറ്റു സമുദായങ്ങള്‍ ഒരു നൂറ്റാ്ണ്ട്കൊണ്ട്   നേടിയ  പലതും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുപ്പതു വര്‍ഷങ്ങള്‍ക്കൊണ്ട് സമുദായത്തിനു നേടിക്കൊടുത്തു. 
അങ്ങനെയൊരു ഒാടി നടത്തത്തിനിടയിലാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരോട് ദീര്‍ഘമായി സംസാരിച്ചത്. മൂന്നു രാഷ്ട്രങ്ങളില്‍ വെച്ച് വ്യത്യസ്ത സമയങ്ങളിലായി നടത്തിയ ഇൗ അഭിമുഖ സംഭാഷണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ വ്യക്തി ചരിത്രത്തിലൂടെ കഴിഞ്ഞ അമ്പതു വര്‍ഷത്തെ മലയാളി മുസ്‌ലിംകളുടെ സാമൂഹിക ചരിത്രം എന്തായിരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമംകൂടിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ ഒപ്പം  യാത്ര ചെയ്തു  നടത്തിയ  സംസാരങ്ങള്‍ എന്നെ സംബന്ധിച്ചെടുത്തോളം  അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നേരിട്ടറിയാനുള്ള ഒരവസരം കൂടിയായിരുന്നു. രാത്രി വൈകും വരെയുള്ള യാത്രകള്‍, വ്യത്യസ്ത ആവശ്യങ്ങളുമായെത്തുന്നവര്‍, ഒാരോരുത്തരെയും കേള്‍ക്കാന്‍ അദ്ദേഹം കാണിക്കുന്ന സന്നദ്ധത, ആരെയും നിരാശപ്പെടുത്താതിരിക്കാന്‍  കാണിക്കുന്ന കണിശത ഇവയെല്ലാം അല്‍ഭുതപ്പെടുത്തുന്നത് തന്നെ ആയിരുന്നു. 
ഒരു രാത്രി ദോഹയിലെ താമസ സ്ഥലത്ത് ഒരാള്‍ വന്നു ചോദിച്ചു. ‘ഉസ്താദേ, എന്റെ കട വരെ വന്ന് ഒന്ന് ദുആ ചെയ്തു തരാമോ?’ അന്നത്തെ ദീര്‍ഘമായ യാത്രക്ക് ശേഷം കാലിലെ നീര്‍ക്കെട്ടു കാരണം ഞങ്ങളുടെ സംസാരം അവസാനിപ്പിക്കാനിരിക്കെ ആയിരുന്നു അയാള്‍ വന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ അയാളെയും നിരാശപ്പെടുത്തിയില്ല. ദോഹയില്‍ നിന്നും ഒരു മണിക്കൂറിലധികം യാത്ര ചെയ്ത് അയാളുടെ കടയിലെത്തുമ്പോള്‍ രാത്രി 12 മണി കഴിഞ്ഞു കാണും. ആളും ആര്‍ഭാടങ്ങളും ഒന്നുമില്ലാത്ത ആ കടയില്‍ കയറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഖുര്‍ആന്‍ ഒാതി ദുആ ചെയ്തു. യാത്രയില്‍ സംസാരിക്കാം എന്നു പറഞ്ഞു കൂടെ കൂട്ടിയ ഞാനടക്കം അഞ്ചേ അഞ്ചുപേര്‍  ആയിരുന്നു അപ്പോള്‍ ആ കടയില്‍ ഉണ്ടായിരുന്നത്. ആള്‍കൂട്ടത്തെ മാത്രമല്ല, പാതി രാത്രി ഒറ്റ മനുഷ്യരെയും അഭിസംബോധന ചെയ്യാന്‍ കഴിയുന്ന നേതാവാണ് അദ്ദേഹം. കാന്തപുരത്തെ പോലെ തിരക്കുള്ള ഒരു മനുഷ്യനെ അര്‍ദ്ധ രാത്രി തന്റെ കട സന്ദര്‍ശിക്കാന്‍ ക്ഷണിക്കാന്‍ മാത്രം എന്താവും  ആ മനുഷ്യനെ പ്രേരിപ്പിച്ചത്?. എന്താവും അയാളെ പോലും നിരാശപ്പെടുത്തരുത് എന്നു തീരുമാനിക്കാന്‍ കാന്തപുരത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക? 
മര്‍കസിന്റെ സ്ഥാപകനും, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അമ്പത് വര്‍ഷത്തെ പൊതു പ്രവര്‍ത്തന ജീവിതത്തിലൂടെയുള്ള യാത്രയാണ് ഇൗ സംഭാഷണം. 
                    നുഐമാന്‍:  അരനൂറ്റാണ്ടിലധികമായി, ഇവിടുത്തെ മുസ്‌ലിംകളുടെ നിത്യജീവിതത്തില്‍ വ്യത്യസ്ത തലങ്ങളില്‍ നിന്നുകൊണ്ട് ഇടപ്പെട്ടുകൊണ്ടിരിക്കുന്ന മത പണ്ഡിതനാണ് താങ്കള്‍. എങ്ങനെയാണ് പൊതുപ്രവര്‍ത്തനത്തിലേക്ക്, ഇന്നു കാണുന്ന തരത്തിലുള്ള മതകീയ പ്രവര്‍ത്തനത്തിലേക്ക് എത്തിപ്പെട്ടത്?
                      കാന്തപുരം എ.പി അബൂബക്കര്‍  മുസ്‌ലിയാര്‍ : 1960 ലാണ്. ഞാന്‍ ദര്‍സില്‍ വിദ്യാര്‍ത്ഥിയാണ്. ആയിടക്ക് എന്റെ നാടിനടുത്തുള്ള കോളിക്കലില്‍ ഖുതുബിയുടെ അധ്യക്ഷതയില്‍ ഒരു സമ്മേളനം നടക്കുന്നു. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുമുണ്ട് വേദിയില്‍. ഞാനായിരുന്നു സ്വാഗത പ്രസംഗം നടത്തിയത്. പുത്തന്‍വീട്ടുകാര്‍ എന്നറിയപ്പെടുന്ന കോരൂരിലെ വ്യാജ ത്വരീഖത്തുകാര്‍ക്കെതിരെയുള്ള സമസ്തയുടെ തീരുമാനം സംബന്ധിച്ച വിശദീകരണമായിരുന്നു അത്. വലിയ സമ്മേളനമായിരുന്നു. സമ്മേളനം കഴിഞ്ഞ് പോകാന്‍ നേരത്ത് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വന്നു പറഞ്ഞു: ”നീ ഇവിടെ ഇങ്ങനെ നിന്നാല്‍ പോര. സമസ്തയുമായി ബന്ധപ്പെടണം”. ബാഖിയാത്തിലേക്ക് പോകുന്നതിനെക്കുറിച്ചൊക്കെ ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. ഇ.കെയുടെ വിളി വല്ലാത്തൊരു പ്രോത്സാഹനമായിരുന്നു. അങ്ങനെയാണ് ഞാന്‍ സമസ്തയുടെ യോഗങ്ങളിലേക്ക് പോയിത്തുടങ്ങുന്നത്. ആദ്യമൊക്കെ യോഗങ്ങളില്‍ ആലിമീങ്ങളുടെ സംസാരമൊക്കെ കേട്ടങ്ങനെ ഇരിക്കും.10923584_775468635870296_1491325281544462952_n
എന്തായിരുന്നു അക്കാലത്തെ സമസ്തയുടെ യോഗങ്ങളിലെ ചര്‍ച്ചകളുടെ പൊതു സ്വഭാവം? എന്തൊക്കെയായിരുന്നു ചര്‍ച്ച ചെയ്തിരുന്ന പ്രധാന വിഷയങ്ങള്‍?
സുന്നത്ത്ജമാഅത്തിന്റെ വിശ്വാസങ്ങള്‍ക്കെതിരെ രംഗത്ത് വന്ന സംഘടനകള്‍, വ്യക്തികള്‍, ആശയങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം കേരളത്തിലെ മുസ്‌ലിംകളെ ബോധവല്‍ക്കരിക്കുകയായിരുന്നു അന്ന് സമസ്തയുടെ പ്രധാന പ്രവര്‍ത്തനം. അക്കാലത്തെ മുശാവറ യോഗങ്ങളിലെ അധിക പ്രമേയങ്ങളും ഇൗ സ്വഭാവത്തില്‍ ഉള്ളതായിരുന്നു.  ഖാദിയാനികള്‍, വഹാബികള്‍, മൗദൂദികള്‍ തുടങ്ങിയവര്‍ വെച്ചു പുലര്‍ത്തുന്ന വിശ്വാസത്തിലെ പിഴവുകള്‍ എന്തെല്ലാമാണ്, അവരോടു സ്വീകരിക്കേണ്ട സമീപനം എന്താണ് എന്നൊക്കെയുള്ള ചര്‍ച്ചകള്‍. ആയിടെ കേരളത്തിന്റെ പലഭാഗങ്ങളിലും ഉടലെടുത്ത വ്യാജ ത്വരീഖത്തുകളെകുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടായിരുന്നു.
അല്ലാതെ, മുസ്‌ലിംകളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും ചര്‍ച്ചക്കു വരാരുണ്ടായിരുന്നില്ലേ ?
ഇല്ലെന്നല്ല, അങ്ങനെയുള്ള വിഷയങ്ങളും ചര്‍ച്ചക്കെടുത്തിരുന്നു. സ്‌കൂള്‍ പഠനസമയം, മദ്രസകളുടെയും ദര്‍സുകളുടെയും വിപുലീകരണം, മദ്രസ്സാ പാഠ്യപദ്ധതി, വഖ്ഫ് സ്വത്തുക്കളുടെ പരിപാലനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ . പിന്നെ, മുസ്‌ലിംകളെ ബാധിക്കുന്ന മതപരവും പ്രാദേശികവുമായ ഒട്ടനവധി വിഷയങ്ങളില്‍ സമസ്തയിലെ പണ്ഡിതന്മാരുടെ അഭിപ്രായം ആരാഞ്ഞു നിരവധി കത്തുകളാണ് ഒരോ മുശാവറ യോഗത്തിനും കിട്ടുക. ആ കത്തുകളെല്ലാം ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യും.
 5289318591_5b4cb84988_z
മതത്തിലെ ശാഖാപരമായ പലവിഷയങ്ങളിലും പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും . ഒരു സംഘടന എന്ന നിലക്ക് ഇൗ അഭിപ്രായ വ്യത്യാസങ്ങളെ സമസ്ത എങ്ങനെയാണ് കൈകാര്യം ചെയ്തത് ? എങ്ങനെയാണ് സമസ്ത ഏകഖണ്ഡമായ ഒരഭിപ്രായം രൂപപ്പെടുത്തിയത് ?
വിശ്വാസപരമായ അല്ലെങ്കില്‍ കര്‍മ്മപരമായ ഒരു വിഷയം ചര്‍ച്ചക്കു വന്നാല്‍ ആ വിഷയത്തെകുറിച്ചു പഠിക്കാന്‍ കഴിവുള്ള നാലോ അഞ്ചോ പണ്ഡിതന്മാരെ മുശാവറ ചുമതലപ്പെടുത്തും. അവര്‍ വിഷയത്തെക്കുറിച്ച് നന്നായി പഠിക്കുകയും പ്രബലമായ പ്രമാണങ്ങളെ അടിസ്ഥാനമാക്കി ഒരു പൊതു അഭിപ്രായം രൂപികരിക്കുകയും ചെയ്യും. ആ അഭിപ്രായമാണ് സമസ്തയുടെ തീരുമാനമായിവരുന്നത്.
സംഘടനകള്‍ മത വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന രീതിക്ക് ഇസ്‌ലാമില്‍ മുന്‍കാല മാതൃകകള്‍ ഉണ്ടോ ?
സംഘടന എന്നാല്‍ എന്താണ് അര്‍ത്ഥം ? പണ്ഡിതന്മാരുടെ കൂട്ടായ്മയാണത്. ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ് ഇജ്മാഅ്. ഇജ്മാഅ് എന്നാല്‍ മതപരമായ വിഷയങ്ങളില്‍ ഏകീകൃതമായ ഒരഭിപ്രായം രൂപപ്പെടുത്തുക എന്നാണര്‍ത്ഥം. അങ്ങനെയുള്ള അഭിപ്രായ രൂപീകരണത്തിലൂടെയാണ് പണ്ട്മുതലേ ജനങ്ങള്‍ ജീവിച്ചു പോന്നത്. അങ്ങനെയുള്ള അഭിപ്രായങ്ങള്‍ രൂപീകരിക്കാനും ആ അഭിപ്രായങ്ങളെ കൂടുതല്‍ ഫലപ്രദമായി മുസ്‌ലിംകളിലേക്ക് എത്തിക്കുന്നതിനുമുള്ള മാര്‍ഗമാണ് സമസ്ത പോലുള്ള സംവിധാനങ്ങള്‍.
പിന്നീട്, സമസ്തയില്‍ ഔദ്യോഗിക പദവിയിലേക്ക് എത്തുന്നതെങ്ങെനെയാണ്?
1963 ഡിസംബര്‍ 30 നാണ് ഞാന്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തുന്നത്. 64ല്‍ തന്നെ എന്റെ മാതാപിതാക്കളുടെ നാടായ മാങ്ങാട്ട് ഞാന്‍ ദര്‍സ് ആരംഭിച്ചു. ആയിടക്കാണ് പാലക്കാട് ജില്ലയില്‍ വഹാബികളുമായി ഒരു മുഖാമുഖം നടക്കുന്നത്. അന്ന് സുന്നികള്‍ക്ക് വേണ്ടി വാദപ്രതിവാദങ്ങളില്‍ നിറഞ്ഞു നി ന്നിരുന്നത് ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ ആയിരുന്നു. ഹസന്‍ മുസ്‌ലിയാര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ സുന്നികള്‍ വെല്ലുവിളി സ്വീകരിക്കില്ല എന്ന കണക്കുകൂട്ടലായിരുന്നു മറുപക്ഷം. പക്ഷെ സുന്നികള്‍ വെല്ലുവിളി ഏറ്റെടുത്തു. അന്ന് പാലക്കാട് ജന്നത്തുല്‍ ഉലൂമില്‍ ഒരു യോഗം നടക്കുണ്ടെന്നും  അവിടെ എത്തണമെന്നും എന്നോട് ആവശ്യപ്പെട്ടു. പോയിനോക്കുമ്പോള്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, വാണിയമ്പലം, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഉണ്ട്. വാദപ്രതിവാദത്തെക്കുറിച്ച് ആ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉച്ചക്ക് ശേഷം സമസ്തയുടെ മുശാവറയും വിളിച്ചിരുന്നു. ആ യോഗത്തില്‍ വെച്ചാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സമസ്ത മുശാവറ മെമ്പറായി എന്റെ പേര് നിര്‍ദേശിച്ചത്. ആ മുശാവറയില്‍ വെച്ചുതന്നെ ജോയിന്റ് സെക്രട്ടറിയുടെ ചുമതലയും നല്‍കി.
പൊടുന്നനെ ഇങ്ങിനെയൊക്കെ തീരുമാനമെടുക്കാന്‍ എന്തായിരിക്കും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ പ്രേരിപ്പിച്ചത്?
പറഞ്ഞില്ലേ, പഠിക്കുന്ന കാലം മുതലേയുള്ള ബന്ധമാണ് ഇ.കെ യുമായി എനിക്കുണ്ടായിരുന്നത്. ആ ബന്ധം ഒരു കാരണമായിരിക്കാം. മറ്റൊന്ന്, സമസ്തയിലെ അക്കാലത്തെ മുശാവറ അംഗങ്ങളില്‍ പലരും മുതിര്‍ന്ന ആളുകളായിരുന്നു. ഒാടി നടന്നു കാര്യങ്ങള്‍ സംഘടിപ്പിക്കാനുള്ള ആളുകളുടെ കുറവ് അന്നു്യൂായിരുന്നു. അതുകൊണ്ട്തന്നെ ചെറുപ്പക്കാരായ കൂടുതല്‍ പണ്ഡിതന്മാരെ സമസ്തയുമായി ബന്ധപ്പെടുത്തേ്യൂത് അത്യാവശ്യമായ ഒരവസ്ഥയും അന്നുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ ഇ.കെ എന്റെ പേരു നിര്‍ദേശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മുശാവറ അംഗങ്ങള്‍ എല്ലാം ഐക്യഖണ്ഡേന അതിനെ പിന്താങ്ങി. അക്കാലത്ത് തന്നെ എന്റെ ഉസ്താദ് കൂടിയായിരുന്ന കെ.കെ അബൂബക്കര്‍ ഹസ്രത്ത് സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ എന്നെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു.
എന്തൊക്കെ ചുമതലകള്‍ ആയിരുന്നു അന്ന് ജോയിന്റ് സെക്രട്ടറിക്ക് ഉണ്ടായിരുന്നത്?
നേരത്തെ പറഞ്ഞത് പോലെ ഒാടിനടന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള ഒരാളുടെ കുറവ് അന്നുണ്ടായിരുന്നു. ആ വിടവായിരുന്നു എനിക്ക് നികത്താനുണ്ടായിരുന്നത്. സമയം കിട്ടുമ്പോഴൊക്കെ ഞാനും ഇ.കെ യും ഒരുമിച്ചിരുന്ന്  സംസാരിക്കും. പ്രത്യെകിച്ചും മുശാവറ യോഗങ്ങള്‍ കൂടുന്ന ദിവസങ്ങളോടടുത്ത്. പലപ്പോഴും ഇ.കെ.യുടെ മേരിക്കുന്നിലെ വീട്ടിലായിരുന്നു ഞങ്ങള്‍ ഒരുമിച്ചിരിക്കുക. യോഗത്തിന്റെ അജണ്ട തയ്യാറാക്കുക, മിനുട്‌സ് തയ്യാറാക്കുക, യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുക, എന്നിവയെല്ലാമായിരുന്നു ആദ്യകാലത്തെ ചുമതലകള്‍.
10421341_848845395172810_1116520203568613201_n
അതായത്, വളരെ അയഞ്ഞ ഘടനയില്‍ പ്രവര്‍ത്തിച്ചു പോന്ന ഒരു പണ്ഡിത കൂട്ടായ്മക്ക് കൂറേകൂടി സംഘടിതമായ, അടുക്കും ചിട്ടയുമുള്ള സ്വഭാവം ഉണ്ടാക്കുന്ന ചുമതല ?
അങ്ങനെ വേണമെങ്കില്‍ പറയാം. സമ്മേളന ങ്ങള്‍ സംഘടിപ്പിക്കാനും മറ്റുമൊക്കെ ഒരു പാട് സമയവും ഉൗര്‍ജ്ജവും ചെലവാക്കേണ്ടിവരും. അതിനൊക്കെ സമയം ചെലവഴിക്കാന്‍ തലമുതിര്‍ന്ന പണ്ഡിതന്മാര്‍ക്ക് പല പരിമിതി കളും ഉണ്ടായിരുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കാനും, സമസ്തക്കെതിരെ ഉയര്‍ന്ന വെല്ലുവിളികളെ കാര്യക്ഷമമായി നേരിടാനും അങ്ങനെയുള്ള പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതുണ്ടാ യിരുന്നു.
എന്തായിരുന്നു അക്കാലത്ത് സമസ്ത നേരിട്ട പ്രധാന വെല്ലുവിളികള്‍ ?
അകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മുസ്‌ലിം ലീഗിന്റെ മറപിടിച്ചും അധികാരത്തിലെ സ്വാധീനങ്ങള്‍ ഉപയോഗിച്ചും വഹാബികള്‍ സുന്നികള്‍ക്കെതിരെയും പള്ളികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കുമെതിരെയും നടത്തികൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത്, ലീഗിന്റെ താല്‍പര്യങ്ങള്‍ അനുസരിച്ച് സമസ്തയെ വരുതിയിലാക്കാനുള്ള ശ്രമം മറ്റൊരു ഭാഗത്ത്. ഇതിനൊക്കെ പുറമെ, അതുവരെ സമസ്തയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുപോന്ന ചില ഉലമാക്കളുടെ നേതൃത്തില്‍ പുതിയ സംഘടനകള്‍ രൂപീകരിക്കുന്ന അവസ്ഥ. അങ്ങനെ പലതരം വെല്ലുവിളികള്‍ ഒരുമിച്ചുവന്ന കാലമായിരുന്നു അത്.
ഏതൊക്കെയായിരുന്നു പുതുതായി രൂപം കൊ്ണ്ട സംഘടനകള്‍ ?
സ്വദഖത്തുല്ല മുസ്‌ലിയാരുടെ  നേതൃത്വത്തില്‍ രൂപം കൊണ്ട  സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമയും ഹസ്സന്‍ ഹസ്‌റത്തിന്റെ നേതൃത്വത്തില്‍ വന്ന അഖില കേരള ജംഇയ്യത്തുല്‍ ഉലമയും. പക്ഷെ ഇൗ രണ്ടു  സംഘടനകളും പരാജയമായിരുന്നു. അഖില കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തനം തുടങ്ങി അധികം വൈകാതെ തന്നെ പിരിച്ചുവിട്ടു. സംസ്ഥാന ഇപ്പോഴും നിലവില്‍ ഉണ്ട്.
എന്തായിരുന്നു ഇവര്‍ക്ക് സമസ്തയോടുണ്ടായിരുന്ന വിയോജിപ്പ് ?
ബാങ്ക്, ഖുതുബ എന്നിവക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതദൃഷ്ട്യാ തെറ്റല്ല എന്ന സമസ്തയുടെ തീരുമാനത്തെ തുടര്‍ന്നാണ് 1967ല്‍ പ്രസിഡണ്ടായിരുന്ന  സ്വദഖത്തുല്ല മുസ്്‌ലിയാര്‍ സമസ്തയില്‍ നിന്നും രാജിവെക്കുന്നത്. തബ്്‌ലീഗ് ജമാഅത്തിനെക്കുറിച്ചുള്ള സമസ്തയുടെ നിലപാടാണ് ഹസ്രത്ത് സമസ്തയുമായി വിയോജിക്കാനുള്ള കാരണം. തബ്്ലീഗ് ജമാഅത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ ‘തഅ്‌വീല്‍’ ചെയ്തു ഒപ്പിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ധേഹം.
ഒരു കാലത്ത് താങ്കളെ പോലുള്ളവരെ സമസ്മയുയി ബന്ധപ്പെടുത്തിയ ആളാണല്ലോ ഹസ്രത്ത്. പിന്നെ ഇതൊക്കെ എങ്ങനെ സംഭവിച്ചു?
ഹസ്രത്ത് ദയൂബന്ധില്‍ പഠിച്ചയാളാണ്. അതിന്റെ ചില സ്വാധീനങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ ഉണ്ടായിരുന്നു.
അഖില കേരള ജംഇയ്യത്തുല്‍ ഉലമയുമായി താങ്കള്‍ ബന്ധപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്.
അത് അടിസ്ഥാനരഹിതമാണ്. ഉസ്താദ് എന്ന നിലയില്‍ ഹസ്രത്തുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷെ അത് സംഘടനാപരമായിരുന്നില്ല. വ്യക്തിപരമായ അടുപ്പം കാരണം അഖില കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയാവാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ അത് നിരസിച്ചു എന്ന് മാത്രമല്ല പുതിയ സംഘടന രൂപികരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. കോഴിക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ചാലിയം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ എന്നിവരുടെയൊക്കെ പ്രേരണയിലാണ് ഹസ്രത്ത് പുതിയ സംഘടന രൂപികരിച്ചത്. ഉസ്താദിനോട് അടുപ്പമുണ്ടെങ്കിലും സമസ്തയെ തള്ളിപറയേണ്ട എന്തെങ്കിലും ഒരു കാരണം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. അതൊരു ബറകത്തുള്ള പ്രസ്ഥാനമാണ്. അതുകൊണ്ട്തന്നെ ഹസ്രത്തിന്റെ സംഘടനയില്‍ ഒരു മെമ്പര്‍ഷിപ്പ് പോലും ഞാന്‍ എടുത്തിട്ടില്ല. തലശ്ശേരിയില്‍ വെച്ചായിരുന്നു സംഘടന രൂപീകരിച്ചത്. ആ യോഗം ശ്രവിക്കാന്‍ ഞാനും അണ്ടോണ  അബ്ദുള്ള മുസ്ലിയാരും പോയിരുന്നു. പിന്നീട് ആ സംഘടന മെല്ലെ മെല്ലെ ഇല്ലാതായി. പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ മാത്രമുള്ള പ്രവര്‍ത്തകരോ നേതാക്കളോ അവര്‍ക്ക് ഉണ്ടായിരുന്നില്ല.
 424
നിങ്ങള്‍ നേതൃരംഗത്തെത്തിയ കാലം സമസ്തയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ട ഒരു കാലമായിരുന്നല്ലോ ?
1970-80 സമസ്തയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങള്‍ നടന്ന കാലമാണ്. സമസ്തക്ക് താലൂക്ക്, ജില്ലാ കമ്മറ്റികള്‍ നിലവില്‍ വന്നു. പ്രാദേശികമായി സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. അങ്ങനെ ഒരുപാട് പ്രവര്‍ത്തനങ്ങള്‍. ഇൗ പ്രവര്‍ത്തനങ്ങള്‍ എല്ലാം കൂടിയായപ്പോള്‍ സമസ്ത പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ഒരു സംഘടനയായി മാറി. അക്കാലത്ത് നടന്ന സമസ്തയുടെ സമ്മേളനങ്ങളില്‍ ആയിരങ്ങളായിരുന്നു പങ്കെടുത്തത്. സമസ്തയുടെ ഇൗ സ്വാധീനം പലരെയും അസ്വസ്ഥരാക്കി. ഇൗ അസ്വസ്ഥതയാണ് സമസ്തക്കെതിരെ തിരിയാന്‍ പലരെയും പ്രേരിപ്പിച്ചത്.
ഏതാണ്ട് ഇതേ സമയത്താണ് ലീഗ് പിളരുന്നത് ?
അതെ. യൂണിയന്‍ ലീഗും അഖിലേന്ത്യാ ലീഗും. യൂണിയന്‍ ലീഗുകാര്‍ക്കായിരുന്നു അക്കാലത്ത് അനുയായികള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ഉമര്‍ ബാഫഖി തങ്ങള്‍, കേയിസാഹിബ്, ബാവ ഹാജി, പടന്ന ഖാലിദ്, പി.എം അബൂബക്കര്‍ തുടങ്ങിയ നേതാക്കളൊക്കെ അഖിലേന്ത്യാ ലീഗിലും. ഇൗ ഭിന്നതകളൊന്നും സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതുകൊണ്ട് ഞങ്ങളുടെ പരിപാടികളിലെല്ലാം രണ്ടു  കൂട്ടരെയും ക്ഷണിക്കുമായിരുന്നു. പക്ഷെ യൂണിയന്‍ ലീഗുകാര്‍ വരില്ല. അഖിലേന്ത്യാ ലീഗുകാര്‍ വരും. അതിനു മുന്‍പ് തന്നെ ഞങ്ങള്‍ അഖിലേന്ത്യാ ലീഗിന്റെ ആളുകളാണ് എന്ന് മറുവിഭാഗം പ്രചരിപ്പിച്ചിരുന്നു. അഖിലേന്ത്യാ ലീഗ് നേതാക്കളായ ഉമര്‍ ബാഫഖി തങ്ങളും മറ്റുമായി ഞങ്ങള്‍ക്കുണ്ടായിരുന്ന വ്യക്തിപരമായ ബന്ധമാണ് ഇങ്ങനെ ആരോപണം ഉന്നയിക്കാന്‍ മറുവിഭാഗത്തെ പ്രേരിപ്പിച്ചത്. മര്‍കസിന്റെ പള്ളിയുടെ തറക്കല്ലിടലിനു ഞങ്ങള്‍ ശിഹാബ് തങ്ങളെയാണ് ക്ഷണിച്ചത്. കാരന്തൂര്‍ കുഞ്ഞിക്കാമുക്കയുടെ വീട്ടില്‍  വരെ വന്നിട്ടും അദ്ധേഹം ഇങ്ങോട്ട് വന്നില്ല. ഉമര്‍ ബാഫഖി തങ്ങള്‍ വരികയും ചെയ്തു. അതോടെ ഞങ്ങളെ അഖിലേന്ത്യാ ലീഗുകാര്‍ എന്ന മുദ്രകുത്തുന്നത് പൂര്‍ണ്ണമായി.
ഞങ്ങള്‍ എന്നു പറയുമ്പോള്‍ അതില്‍ സമസ്തയിലെ എല്ലാ നേതാക്കളും പെട്ടിരുന്നോ ?
സമസ്തക്കെതിരെ പൊതുവിലായിരുന്നു ഇൗ ആരോപണം. എങ്കിലും ഇ.കെയും ഞാനും ഉള്‍പ്പെടെയുള്ള കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മുശാവറ അംഗങ്ങളായിരുന്നു പ്രധാന ലക്ഷ്യം.മലപ്പുറം ജില്ലയില്‍ നിന്നുള്ള ചില മുശാവറ അംഗങ്ങള്‍ മാത്രമായിരുന്നു ഇതില്‍ നിന്നും ഒഴിവായത്.
അതായത് ആളുകളെ തിരഞ്ഞുപിടിച്ചായിരുന്നു ഇൗ ആരോപണം ഉന്നയിച്ചത് എന്നു ചുരുക്കം ?
ഒരു പരിധി വരെ അങ്ങനെ തന്നെയായിരുന്നു. സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിച്ചവരെയായിരുന്നു അവര്‍ ലക്ഷ്യമിട്ടത്.
അഖിലേന്ത്യാ ലീഗ് അനുഭാവികളായിരുന്നുവെന്നത്  അക്കാലത്ത് അത്രയും മോശമായ ഒരു ആരോപണമായിരുന്നോ ?
അല്ല, മറിച്ച് ഇൗ ആരോപണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു  എന്നുകൂടി മനസ്സിലാക്കിയാലേ ഇതിന്റെ ഗൗരവം ബോധ്യപ്പെടുകയുള്ളൂ. സമസ്തക്കെതിരെ ഉയര്‍ത്തിയ ഇൗ ആരോപണം ആസൂത്രിതമായിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. കാരണം സമസ്ത അതിന്റെ സ്വാധീനവും പ്രവര്‍ത്തന മേഖലയും വിപുലീകരിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. എല്ലാ രാഷ്ട്രീയ കക്ഷികളെയും സമസ്ത തുല്ല്യ അകലത്തിലാണ് നിര്‍ത്തിയത്. ലീഗുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ സമസ്തയില്‍ ഉണ്ടായിരുന്നിട്ടും അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ കാണിച്ചില്ല. അക്കാലത്ത് സമസ്തയുടെ ഭദ്രത അത്തരത്തിലുള്ളതായിരുന്നു. ഇൗ ഭദ്രത തകര്‍ക്കല്‍ ശത്രുക്കളുടെ ആവശ്യമായിരുന്നു. സമസ്ത രാഷ്ട്രീയ താല്‍പര്യങ്ങളൊക്കെ ഉള്ള ഒരു സംഘടനയാണ് എന്ന ഒരവസ്ഥ ഉണ്ടാക്കിയാല്‍ ഇൗ ഭദ്രത തകര്‍ക്കാം എന്ന കണക്കുകൂട്ടലിലായിരുന്നു അവര്‍. അപ്പോള്‍ ജനങ്ങള്‍ അതുവരെയും സമസ്തയെ കണ്ടിരുന്ന രീതി, അടുപ്പം ഇതെല്ലാം മാറിക്കൊള്ളും എന്നായിരിക്കണം ആരോപണം ഉന്നയിച്ചവര്‍ ലക്ഷ്യമിട്ടത്.
ഇൗ ശത്രുക്കള്‍ ആരായിരുന്നു ?
രണ്ടു  താല്‍പര്യങ്ങള്‍ അക്കാലത്തെ മുസ്‌ലിം ലീഗില്‍ ഒരുമിച്ചുണ്ടായിരുന്നു. ഒന്ന്, മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുള്ള മറ്റൊരു സംഘടന ഉണ്ടാവുക എന്നത് അവര്‍ക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. രണ്ടാമത്തേത് വഹാബിസം വളര്‍ത്താന്‍ ലീഗിനെ മറയായി ഉപയോഗിക്കുക. ഇൗ രണ്ടു താല്‍പര്യങ്ങള്‍ക്കും എതിരെ നിന്ന ജനസ്വാധീനമുള്ള സംഘടന സമസ്തയായിരന്നു. സമസ്തയുടെ ശത്രുക്കള്‍ ആരായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ .ek hassan musliyar
ഇൗ ആരോപണങ്ങളെയൊക്കെ സമസ്ത എങ്ങനെയാണ് പ്രതിരോധിച്ചത് ?
വേണ്ട  രീതിയില്‍ പ്രതിരോധിച്ചില്ല എന്നതാണ് വാസ്തവം.അപ്പോഴേക്കും സമസ്തയുടെ ഉള്ളിലെത്തന്നെ ചിലര്‍ ലീഗനുകൂലരായി മാറിക്കഴിഞ്ഞു. സമസ്തക്ക് രാഷ്ട്രീയമാവാം എന്ന നിലപാടുകാരായിരുന്നു അവര്‍. രാഷ്ട്രീയം എന്ന് മാത്രമല്ല, അത് മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം തന്നെയാവണം എന്നായിരുന്നു അവരുടെ വാദം. മലപ്പുറത്ത് നിന്നുള്ളവരായിരുന്നു ഇൗ വാദം ഉന്നയി ച്ചവരില്‍ ഏറെ പേരും.
ഇങ്ങനെയൊക്കെ പറയുമ്പോള്‍ എനിക്ക് തോന്നുന്ന ഒരു കാര്യം ഇതാണ്. ബാഫഖി തങ്ങളുടെ മരണത്തോടെ മുസ്‌ലിം ലീഗിന്റെ നേതൃത്വം കോഴിക്കോട് നിന്നും മലപ്പുറത്തേക്ക്  നീങ്ങുന്നുണ്ട് . നേരത്തെ ഇത് തലശ്ശേരിയില്‍ ആയിരിന്നു. ഇൗ മാറ്റം മുസ്‌ലിം ലീഗിനെ മാത്രമല്ല, മുസ്‌ലിം ലീഗിന്റെ മറ്റു മത സംഘടനകളോടുള്ള നിലപാടിനെയും വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടല്ലേ?
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ വിയോഗം ഇത്തരം വിഷയങ്ങളിലെല്ലാം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.. മുസ്‌ലിം ലീഗുകാരനായിരിക്കുമ്പോഴും അതൊന്നും സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സമസ്തയുടെ മുന്‍കയ്യില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജ് ആരംഭിക്കുമ്പോള്‍ ബാഫഖി തങ്ങളാണ് അതിന് നേതൃത്വം നല്‍കിയത്. എം.ഇ.എസിനെതിരെ സമസ്ത നിലപാടെടുക്കുമ്പോഴും ബാഫഖി തങ്ങള്‍ കൂടെ ഉണ്ടായിരുന്നു. സമസ്തയെ രാഷ്ട്രീയക്കാരുടെ കയ്യിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇൗ സ്ഥിതിക്കെല്ലാം മാറ്റം വന്നു. അതുവരെയും ലീഗ് ഒരു സംഘടന എന്ന നിലയില്‍ സമസ്തയെ എതിര്‍ത്തിരുന്നില്ല.അതിലെ വഹാബികളായ നേതാക്കള്‍ക്ക് മാത്രമായിരുന്നു എതിര്‍പ്പ്. ബാഫഖി തങ്ങള്‍ പോയതോടെ വഹാബികളുടെ നിലപാട് ലീഗിന്റെ മൊത്തം നിലപാടായി മാറാന്‍ തുടങ്ങി.
ബാഫഖി തങ്ങള്‍ക്ക് ശേഷവും ലീഗ് നേതൃത്വം കോഴിക്കോട് നിന്ന് തന്നെ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂറേ കൂടി വ്യത്യസ്തമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ  ? 
ബാഫഖി തങ്ങളുടെ മക്കളുടെയൊക്കെ പില്‍കാലത്തെ നിലപാട് കാണുമ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ട്.. സമസ്തയെയും മുസ്‌ലിം ലീഗിനേയും പരസ്പര ശത്രുക്കളാക്കി നിര്‍ത്തുന്നതിന് പകരം രണ്ടിനെയും രണ്ടായി കാണാനുള്ള ദീര്‍ഘ വീക്ഷണം ഇടയ്ക്കു വെച്ചു മുറിഞ്ഞു പോയി.
ആദ്യകാലത്ത് ബാഫഖി തങ്ങള്‍ കോണ്‍ഗ്രസ്സുകാരനായിരുന്നല്ലോ ?
അതെ, ബാഫഖി തങ്ങള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മുസ്‌ലിം ലീഗിനെതിരെ ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍ കോഴിക്കോട് മത്സരിച്ച് ജയിച്ചിട്ടുണ്ട്.. ബാഫഖി തങ്ങളൊക്കെയായിരുന്നു ആ ജയത്തിനു പിന്നിലെ ഘടകം. ബാഫഖി തങ്ങളെപ്പോലെയുള്ളവരെ കൂടെ കൂട്ടിയില്ലെങ്കില്‍ ജനസ്വാധീനം നഷ്ടപ്പെടും എന്ന് ലീഗ് മനസ്സിലാക്കി.അങ്ങനെയാണ് തങ്ങളെയൊക്കെ ലീഗുമായി അടുപ്പിക്കുന്നത്.
ബാഫഖി തങ്ങള്‍ മാത്രമല്ല, പൊതുവില്‍ സമസ്തയുടെ ആദ്യകാല പണ്ഡിതന്മാര്‍ക്കെല്ലാം കോണ്‍ഗ്രസ് അനുകൂല ചായ്‌വ് ഉണ്ടായിരുന്നല്ലോ ?
വ്യക്തിപരമായി അങ്ങനെ ചായ്‌വുള്ളവര്‍ ഉണ്ടായിരുന്നു. ഇ.കെയെ പോലുള്ളവര്‍ കോണ്‍ഗ്രസിനു വേണ്ടി  നിലകൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നിവ ആയിരുന്നു അക്കാലത്തെ പ്രധാന പാര്‍ട്ടികള്‍. ഇതില്‍ മുസ്‌ലിം ലീഗ് പലപ്പോഴും വഹാബികളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരേര്‍പ്പാടായി മാറി. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് വിശ്വാസികളായ ആളുകളോട് യോജിച്ച് പോകാന്‍ പ്രയാസമായിരുന്നു. ഇൗ രണ്ടു  സംവിധാനവും ഇല്ലാത്ത പാര്‍ട്ടി അക്കാലത്ത് കോണ്‍ഗ്രസ്സായിരുന്നു. അവരായിരുന്നു കേന്ദ്രത്തില്‍ ഭരണം നടത്തിയിരുന്നത്. ഇതൊക്കെ വ്യക്തിപരമായി കോണ്‍ഗ്രസ് അനുകൂല നിലപാടെടുക്കാന്‍ പലരെയും പ്രേരിപ്പിച്ചിട്ടുണ്ടാകും .
മുസ്‌ലിം ലീഗുമായി സമസ്തക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ ?
ഞങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഉണ്ടായിരുന്ന അകലവും അടുപ്പവും മാത്രമേ അന്ന്  ലീഗുമായിട്ടുണ്ടായിരുന്നുള്ളു. പക്ഷെ മുസ്‌ലിംകളുടെ മൊത്തം ചെലവില്‍ വഹാബിസം വളര്‍ത്താന്‍ സൗകര്യം ചെയ്തുകൊടുത്തത് ലീഗിനോടുള്ള നിലപാട് കടുപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി. ലീഗിലെ അണികള്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും സുന്നികളായിരുന്നു. നേതാക്കളില്‍ പലരും വഹാബികളും. അതായിരുന്നു ഞങ്ങളുടെ വിയോജിപ്പിന്റെ അടിസ്ഥാനം.
യൂണിയന്‍ ലീഗും അഖിലേന്ത്യാ ലീഗും പിന്നീട് യോജിക്കുന്നുണ്ട്.. അതിനു ശേഷം അവര്‍ക്ക് സമസ്തയോടുള്ള നിലപാടില്‍ വല്ല മാറ്റവും വന്നോ ?
അവര്‍ ഒന്നായ ശേഷം ഞങ്ങളോടുള്ള എതിര്‍പ്പ് കൂടുന്നതാണ് കാണാനായത്. പിളര്‍ന്ന സമയത്ത് സമസ്തയുടെ വേദികളില്‍ വരികയും പ്രസംഗിക്കുകയും ചെയ്തവര്‍ വരെ സമസ്തക്കെതിരെ നില്‍കാന്‍ തുടങ്ങി. സയ്യിദ്  ഉമര്‍ അലി ബാഫഖി തങ്ങളോടൊരിക്കല്‍ ഞാന്‍ ഇക്കാര്യം നേരിട്ടു തന്നെ ചോദിച്ചു. സമസ്തയെ ദുര്‍ബലമാക്കുക എന്ന നിലപാടിലേക്ക് അപ്പോഴേക്കും അവരൊക്കെയും എത്തിയിരുന്നു.
ഇൗ സമയത്തൊക്കെ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നയനിലപാടുകള്‍ എന്തായിരുന്നു?
അഖിലേന്ത്യാ ലീഗുകാരന്‍ എന്നാണല്ലോ ഇ.കെ യെ കുറിച്ച് ഇവര്‍ പ്രചരിപ്പിച്ചത്. അഖിലേന്ത്യാ ലീഗിന്റെ അനുഭാവിയാണ് എന്നാരോപിച്ചാണ് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ യൂണിയന്‍ലീഗിന് ഭൂരിപക്ഷം ഉണ്ടായിരുന്ന പട്ടിക്കാട് കോളേജില്‍ നിന്നും പുറത്താക്കിയത് തന്നെ. സമസ്തയെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ഉള്ള ഒരു സംഘടനയായി നിലനിര്‍ത്തുക എന്നതായിരുന്നു ഇ.കെയുടെ ആഗ്രഹം. ഇ.കെയുടെ കൂടെ നില്‍ക്കുന്നവര്‍ എന്നായിരുന്നു എന്നെയൊക്കെ ആക്ഷേപിച്ചത്. ഇങ്ങനെ ഇ.കെയുടെ അഭിപ്രായങ്ങളുടെ കൂടെ നില്‍ക്കുന്നവരെ എതിര്‍ക്കാന്‍ വേണ്ടിയാണ് മലപ്പുറത്ത് നിന്നും മഹല്ല് ഫെഡറേഷന്‍ എന്ന പേരില്‍ ഒരു സംഘടന തട്ടിക്കൂട്ടി ഉണ്ടാക്കിയത്. സമസ്തയില്‍ ഇ.കെ യുടെ അക്കാലത്തെ നിലപാടിനെ എതിര്‍ത്തിരുന്ന ആളുകളാ യിരുന്നു അതിനു പിന്നില്‍. മഹല്ല് ഫെഡറേഷനുമായി ബന്ധപ്പെടരുത് എന്ന് ഞങ്ങളെ വിലക്കിയതും ഇ.കെയായിരുന്നു. അതിന്റെ നിയമാവലി ഉണ്ടാക്കാന്‍ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരെ അവര്‍ ക്ഷണിച്ചു. ഇ.കെ എതിര്‍ത്ത സംഘടനയായതിനാല്‍ വരുന്നില്ല എന്ന് എം.എ അവരെ അറിയിച്ചു.ആര്‍.എസ്സ്.എസ്സിന് വോട്ടു ചെയ്താല്‍ പോലും ലീഗിലെ വഹാബികള്‍ക്ക് വോട്ടുചെയ്യില്ല എന്ന് പ്രസംഗിച്ച് ലീഗിനെ അങ്ങേയറ്റം പ്രകോപിപ്പിച്ച നിലപാടുകള്‍ വളരെ പരസ്യമായി എടുത്ത നേതാവായിരുന്നു അക്കാലത്ത് ഇ.കെ.
 Sayyid_Abdurahman_Bafaqi_Thangal
ഇൗ സ്ഥിതിഗതികളും നിലപാടുകളുമൊക്കെ പിന്നീട് മാറുന്നുണ്ടല്ലോ.. അതെപ്പോഴാണ് സംഭവിക്കുന്നത് ?
1979 ലെ എസ്.വൈ.എസ് സമ്മേളനം, 85 ലെ സമസ്ത അറുപതാം  വാര്‍ഷികം എന്നിവയുടെയൊക്കെ വിജയം ശത്രുക്കള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അറുപതാം  വാര്‍ഷികത്തിന്റെയൊക്കെ വിജയത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഇ.കെയും ഞാനും കഠിനാധ്വാനം ചെയ്തിട്ടുണ്ട്.. ഞങ്ങളുടെ ഒരുമയും കൂട്ടായ പ്രവര്‍ത്തനവുമായിരുന്നു ആ സമ്മേളനം വിജയിക്കാനുണ്ടായ കാരണം. മലപ്പുറം ഭാഗത്തു നിന്നുള്ള ചിലയാളുകള്‍ അതിനെതിരെ കരുക്കള്‍ നീക്കി. പക്ഷെ സമ്മേളനം വിജയിക്കുമെന്നായപ്പോള്‍ അവരും കൂടെ കൂടി.ഒടുക്കം സമസ്തയുടെ ഇൗ മുന്നേറ്റത്തിനു കാരണം ഇ.കെയും ഞാനും തമ്മിലുള്ള ബന്ധവും ഞങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവുമാണെന്നു ശത്രുക്കള്‍ മനസ്സിലാക്കി. 60-ാം വാര്‍ഷികത്തിനു ശേഷം ഞങ്ങളെ പരസ്പരം അകറ്റാനുള്ള ശ്രമങ്ങളില്‍ അവര്‍ മുഴുകി.
ഇക്കാലത്ത് മുസ്‌ലിം ലീഗിലെ പ്രബലനായ നേതാവായിരുന്നല്ലോ സി.എച്ച് മുഹമ്മദ് കോയ. ഇൗ തര്‍ക്കങ്ങളില്‍ അദ്ദേഹം ഏതു ഭാഗത്തായിരുന്നു?
സമസ്തയുടെ അറുപതാം വാര്‍ഷികത്തിനു ശേഷമാണല്ലോ ഇൗ വക പ്രശ്‌നങ്ങളെല്ലാം പുറമേക്ക് വ്യക്തമായി വന്നു തുടങ്ങുന്നത്. അപ്പോള്‍ സി.എച്ച്  ഉണ്ടായിരുന്നില്ല. 85 ലാണ് അദ്ദേഹം മരിക്കുന്നത്. പക്ഷേ പണ്ഡിതന്മാരുടെ നേതൃത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഇങ്ങിനെ ഒരു കൂട്ടായ്മ ശക്തമായി വരുന്നതിനോട് താല്‍പര്യമുള്ള ആളായിരുന്നില്ല അദ്ദേഹം. ആ താല്‍പര്യമില്ലായ്മ പല നിലക്കും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട് . അതനുസരിച്ചുള്ള നിലപാടുകളും പ്രവര്‍ത്തികളും അദ്ദേഹത്തില്‍ നിന്നുണ്ടാവുകയും ചെയ്തിട്ടുണ്ട്. അതേ സമയം കേരളത്തിലെ മുസ്‌ലിംങ്ങളുടെ പുരോഗതിയൊക്കെ സംബന്ധിച്ച് ചില കാഴ്ചപ്പാടുണ്ടകളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അങ്ങിനെ ദീര്‍ഘ വീക്ഷണമുള്ള നേതാക്കള്‍ സി.എച്ചിനു ശേഷം ലീഗില്‍ ഉണ്ടായിട്ടില്ല.
ഇൗ സമയത്തൊന്നും സമസ്തയുടെ പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹമദ് മുസ്‌ലിയാര്‍ രംഗത്ത് ഉണ്ടായിരുന്നില്ലേ ? എന്തായിരുന്നു കണ്ണിയത്തിന്റെ ഇൗ വിഷയത്തിലൊക്കെയുള്ള നിലപാടുകള്‍ ?
അവരുടെ ലക്ഷ്യം ഞാനും ഇ.കെയുമായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ആദ്യകാലത്ത് അങ്ങനെ രംഗത്തുണ്ടായിരുന്നില്ല. അതേ സമയം മലപ്പുറം ജില്ലയിലെ ചിലരൊഴികെ ബാക്കിയെല്ലാവരും ഞങ്ങളുടെ കൂടെയായിരുന്നു. കണ്ണിയത്ത് ഉസ്താദും. കണ്ണിയത്ത് ഉസ്താദ് അപൂര്‍വ്വം മാത്രമേ യോഗത്തിനൊക്കെ എത്തിയിരുന്നുള്ളൂ. അധ്യക്ഷ സ്ഥാനം ഉള്ളാള്‍ അബ്ദുറഹിമാന്‍ കുഞ്ഞികോയ തങ്ങളെ ഏല്‍പ്പിക്കലായിരുന്നു കണ്ണിയത്തിന്റെ പ്രകൃതം.  1975-85 കാലത്തെ സംഭവങ്ങളാണ് ഇതൊക്കെ. ഒരു വലിയ പണ്ഡിത സഭയെ ഇങ്ങനെയുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുമ്പോള്‍, പണ്ഡിതന്മാര്‍ക്ക് രാഷ്ട്രീയക്കാരെ പോലെ പ്രവര്‍ത്തിക്കാന്‍ പറ്റില്ലല്ലോ. അവര്‍ക്ക് പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടേ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റൂ.
ഇൗ കാലത്ത് തന്നെയാണ് അരീക്കാട് പള്ളി പ്രശ്‌നം ഉയര്‍ന്നു വരുന്നത് എന്ന് തോന്നുന്നു.?
അതെ, 1984ല്‍. ഞാന്‍ മാത്രമായിരുന്നില്ല ആ ആരോപണത്തിന്റെ ലക്ഷ്യം. സമസ്തയുമായിരുന്നു. ലീഗിന്റെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ആ ആരോപണം ഉന്നയിച്ചത്. ഞങ്ങളെയൊക്കെ അഖിലേന്ത്യാ ലീഗുകാര്‍ എന്ന് മുദ്രകുത്തുന്ന കാലമായിരുന്നു. സമസ്തയുടെ 60-ാം വാര്‍ഷികം പ്രഖ്യാപിക്കപ്പെട്ട സമയവുമായിരുന്നു. ആ സമ്മേളനം മുടക്കലും അവരുടെ ഉദ്ദേശ്യമായിരുന്നു. ആ ആരോപണത്തെ അങ്ങനെത്തന്നെ നേരിടാനാണ് സമസ്ത തീരുമാനിച്ചത്. എന്നെ സ്വീകരിക്കാന്‍ ഇ.കെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വരുന്നതൊക്കെ അങ്ങനെയാണ്. പിന്നീട് മുശാവറ തന്നെ ഇൗ ആരോപണം തെറ്റാണെന്ന് വിശദീകരിക്കുകയുണ്ടായി. കണ്ണിയത്തായിരുന്നു ആ യോഗത്തിന്റെ അദ്ധ്യക്ഷന്‍.
ഇടക്ക് വിട്ടുപോയ ഒരു കാര്യം, എം.ഡി.പി എന്ന പേരില്‍ പുതുതായി ഒരു മുസ്‌ലിം രാഷ്ട്രീയ സംഘടന ഇതിനിടയില്‍ രൂപം കൊണ്ടതായും, സമസ്തക്ക് രാഷ്ട്രീയം വേണ്ട എന്നു പറഞ്ഞ നിങ്ങളുള്‍പ്പെടെയുള്ള ആളുകള്‍ എം.ഡി.പി യെ അനുകൂലിച്ചിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. സമസ്തക്ക് രാഷ്ട്രീയം ഇല്ല എന്ന നിലപാട് എം.ഡി.പിയുടെ കാര്യത്തില്‍ നിങ്ങള്‍ തന്നെ ദുര്‍ബലപ്പെടുത്തിയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു ?
പട്ടാമ്പി ഫാറൂഖ് മൗലവിയായിരുന്നു എം.ഡി.പി ഉണ്ടാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് .അതിനെ ഞങ്ങളാരും തന്നെ അനുകൂലിച്ചിട്ടില്ല, എതിര്‍ത്തിട്ടുമില്ല. അത് ഞങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു ശത്രുക്കള്‍ പറഞ്ഞു പ്രചരിപ്പിച്ചത്.
എം.ഡി.പി യെ എതിര്‍ക്കാതിരിക്കാനുള്ള കാരണം ?
ഞങ്ങള്‍ അന്ന് കോണ്‍ഗ്രസിനെ അല്ലെങ്കില്‍ ജനതാദളിനെ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുന്നത് പോലെയാണിത്. എം.ഡി.പി വിശ്വാസപരമായി സമസ്തയുടെ ആദര്‍ശങ്ങളെ എതിര്‍ക്കുന്നതായി ഞങ്ങളുടെ ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അങ്ങോട്ട് കയറി എതിര്‍ത്ത് ആവശ്യമില്ലാത്ത പ്രചാരം നല്‍കേണ്ടതില്ലല്ലോ. അതേ സമയം എം.ഡി.പിയുമായി സമസ്തക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഞങ്ങള്‍ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്.
1980 കളില്‍ മുജാഹിദ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് എസ്.വൈ.എസ് സര്‍ക്കുലര്‍ ഇറക്കിയത് നിങ്ങള്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ ആണ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ ആയിരുന്നു ആ സര്‍ക്കുലര്‍  ലക്ഷ്യം വെച്ചിരുന്നത് എന്ന് വ്യക്തമാണ്. പക്ഷെ അതേ ആള്‍ തന്നെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, തങ്ങള്‍ കൂടിവോട്ട് ചെയ്തത് കൊണ്ടാണ്  മുസ്‌ലിം ലീഗ് ജയിച്ചത്, ഇല്ലേല്‍ അവര്‍ രണ്ടു  സീറ്റില്‍ ഒതുങ്ങിപ്പോകുമായിരുന്നു എന്ന് പറഞ്ഞത്. ലീഗിനോടുള്ള ഇൗ അകല്‍ച്ചയുടെയും അടുപ്പത്തിന്റെയും രസതന്ത്രമെന്താണ് ?
എസ്.വൈ. എസിന്റെ സര്‍ക്കുലര്‍ മുസ്‌ലിം  ലീഗിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു എന്നത് ശരിയല്ല. ഏതു പാര്‍ട്ടിയിലേയും സുന്നി വിരുദ്ധരെ ലക്ഷ്യം വെച്ചായിരുന്നു ആ സര്‍ക്കുലര്‍. പക്ഷെ മുസ്‌ലിം ലീഗിനായിരുന്നു ആ പ്രസ്താവനയിലൂടെ നഷ്ടമുണ്ടായത് എന്നത് നേരാണ്. മുസ്ലിം ലീഗിനോടുള്ള സമസ്തയുടെ നയനിലപാട് കര്‍ശനമാകുന്നത് അക്കാലത്ത് സീതിഹാജിയുടെ നേതൃത്വത്തില്‍ പുളിക്കലില്‍ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയോടെയാണ്. ആ പരിപാടിയില്‍ സീതി ഹാജി പറഞ്ഞു: ”എന്റെ അവസാന തുള്ളി രക്തമുപയോഗിച്ചും മുജാഹിദ് പ്രസ്ഥാനം വളര്‍ത്താന്‍ ഞാന്‍ പരിശ്രമിക്കും. എതിര്‍ക്കുന്നവരെ പാഠം പഠിപ്പിക്കുകയും ചെയ്യും”. ആ പ്രസ്താവനയെ മുസലിംലീഗ് നേതൃത്വത്തിലുള്ള സുന്നികളായ ആളുകള്‍ പോലും എതിര്‍ത്തില്ല.അപ്പോള്‍ അവിടെ തന്നെ സമസ്തയുടെ നേതൃത്വത്തില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചു. അതില്‍ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍  സീതി ഹാജിയുടെ പ്രസ്താവനക്ക് ചുട്ട മറുപടി നല്‍കി. ആര്‍.എസ്.എസിന് വോട്ട് ചെയ്താലും മുജാഹിദുകള്‍ക്ക് വോട്ടുചെയ്യില്ല എന്നായിരുന്നു ഇ.കെ പറഞ്ഞത്. അവിടെയുണ്ടായിരുന്ന വാണിയമ്പലം അതിനെ പിന്താങ്ങി. കോട്ടുമല അബൂബകര്‍ മുസ്‌ലിയാരും ഉണ്ടായിരുന്നു.
ഇ.കെ യുടെ ഇൗ നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് മുജാഹിദുകള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട്  എസ്.വൈ.എസ് അന്ന് സര്‍ക്കുലര്‍ ഇറക്കിയത്. യഥാര്‍ത്ഥത്തില്‍ വഹാബി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മുസ്‌ലിം ലീഗിനെതിരെ ഇങ്ങിനെ ശക്തമായ നിലപാട് എടുക്കാന്‍ തന്നെ കാരണം ഇ.കെയുടെ കര്‍ക്കശമായ അഭിപ്രായങ്ങളായിരുന്നു. അതായത്, മുസ്‌ലിം ലീഗിനോടുള്ള സമസ്തയുടെ വിയോജിപ്പിന്റെ അടിസ്ഥാനം തന്നെ അവര്‍ മുജാഹിദുകളോട് സ്വീകരിക്കുന്ന സമീപനമായിരുന്നു. വഹാബിസം വളര്‍ത്താനുള്ള ഒരു സംവിധാനമായി പലപ്പോഴും മുസ്‌ലിം ലീഗ് മാറി. ഇതിന്റെ ലാഭം മുജാഹിദുകള്‍ക്ക് കിട്ടുകയും ചെയ്തു. പക്ഷെ  കേരളത്തിലെ മുസ്‌ലിംകള്‍ മൊത്തത്തിലാണ് അതിന്റെ നഷ്ടം സഹിക്കേണ്ടി വന്നത്. മുസ്‌ലിംകളുടെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെടേണ്ട  ഒരു പാര്‍ട്ടി മുജാഹിദുകളുടെ വക്കാലത്ത് ഏറ്റെടുത്ത ഒരവസ്ഥയായിരുന്നു പലപ്പോഴും ഉണ്ടായിരുന്നത്.ആ നഷ്ടം ലീഗ് തിരിച്ചറിഞ്ഞുവെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഒരു വഹാബിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുമ്പോള്‍ ലീഗിനു ഇന്ന് രണ്ടുവട്ടം ആലോചിക്കേണ്ടി  വരും. ആ നിലക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ സമസ്തക്ക് കഴിഞ്ഞു. ഞങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ രണ്ടുസീറ്റില്‍ ഒതുങ്ങിപോകുമായിരുന്നു എന്ന ഞങ്ങളുടെ അഭിപ്രായത്തെ പോലും എതിര്‍ക്കാന്‍ ലീഗ് മെനക്കെട്ടില്ല. അതാണ് ഞങ്ങളുടെ നിലപാടിന്റെ വിജയം. വഹാബികളുമായുള്ള അടുപ്പം ലീഗിനും സമുദായത്തിനും നഷ്ടക്കച്ചവടമാണ് എന്ന് അവര്‍ മനസ്സിലാക്കി തുടങ്ങി എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
സമസ്തയുടെ വഹാബി വിരുദ്ധ നിലപാട് എത്രത്തോളം ഫലപ്രദമായിരുന്നുവെന്നാണ് നിങ്ങള്‍ പറയുന്നത്? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇൗ നിലപാട് എത്രമാത്രം പ്രതിഫലിച്ചിട്ടുണ്ട് ?
ഞങ്ങളുടെ നിലപാട് പൂര്‍ണമായും വിജയമായിരുന്നു. എസ്.വൈ.എസ് സര്‍ക്കുലര്‍ ഇറക്കിയ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വഹാബികളായ ലീഗ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ തോറ്റു. എന്റെ തൊട്ടടുത്ത നാടുകളില്‍ വര്‍ഷങ്ങളോളമായി പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന പല വഹാബി നേതാക്കളും തോറ്റു. വാണിമേല്‍ തറവുഹാജി, എളേറ്റില്‍ പിഎ അബ്ദുറഹ്മാന്‍ ഹാജി, നരിക്കുനി ഇബ്രാഹിം ഹാജി അങ്ങനെ തുടങ്ങി ഒട്ടേറെ പേര്‍. ലീഗിന്റെ ഉറച്ച സീറ്റില്‍ വഹാബി അനുഭാവിയായ ലീഗ് നേതാക്കള്‍ മത്സരിച്ചപ്പോള്‍ ലീഗിന് കനത്ത നഷ്ടം തന്നെ സംഭവിച്ചു.
ഇ.കെയുടെയും നിങ്ങളുടെയുമൊക്കെ ഇത്തരം നിലപാടുകള്‍ക്കെതിര് നില്‍ക്കു ന്ന ഒരു സംഘം സമസ്തയില്‍ തന്നെ ഉണ്ടായിരുന്നുവെന്നു പറഞ്ഞല്ലോ. അവരുടെ പ്രവര്‍ത്തനം എങ്ങനെയുള്ളതായിരുന്നു? 
വഹാബികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് ഇ.കെ പറഞ്ഞപ്പോള്‍ ഇ.കെക്കെതിരെ പ്രസംഗിക്കാന്‍ വേണ്ടി  അരീക്കോട് ഒരു പൊതു യോഗം സംഘടിപ്പിച്ചു. സുന്നി സമ്മേളനം എന്ന പേരില്‍ .അതില്‍ മലപ്പുറത്ത് നിന്നുള്ള ഒരു മുശാവറ അംഗം ഇ.കെക്കെതിരെ പ്രസംഗിച്ചു. പാലം കെട്ടാനും റോഡ്‌ വെക്കാനുമൊക്കെയാണ് എം.എല്‍.എമാരെയും മറ്റു മെമ്പര്‍മാരെയും തിരഞ്ഞെടുക്കുന്നത്. താടിയും തലപ്പാവുമുള്ളവര്‍ക്കൊന്നും അത്തരം പണികള്‍ ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഇ.കെ യുടെ ആഹ്വാനം തള്ളണമെന്നായിരുന്നു അദ്ദേഹം പറഞ്ഞുവന്നത്.
അത് ശരിയായിരുന്നില്ലേ. നിയമസഭയിലേക്കും പഞ്ചായത്തിലേക്കുമെല്ലാം ഇ.കെ പറഞ്ഞത് പോലുള്ള ഒരു നിലപാടെടുക്കാന്‍ കഴിയുമായിരുന്നോ ? 
ഇന്നിപ്പോള്‍ നിങ്ങള്‍ക്ക് അങ്ങനെയൊക്കെ തോന്നും. പക്ഷെ, വഹാബികള്‍ അന്ന് അത്തരം അധികാരങ്ങള്‍ വച്ചു ചെയ്ത ദ്രോഹങ്ങള്‍ അറിയുന്ന ഒരാള്‍ അങ്ങനെ പറയില്ല. പിന്നെ പഞ്ചായത്തീരാജ് നിലവില്‍വന്ന സമയമായിരുന്നു അന്ന് പഞ്ചായത്തുകള്‍ക്ക് വലിയ അധികാരമാണ് അതിലൂടെ കൈവരാന്‍ പോകുന്നത്. പള്ളി നിര്‍മാണം, ശ്മശാനം സംബന്ധിച്ച കാര്യങ്ങള്‍, വഖ്ഫ് തര്‍ക്കങ്ങള്‍ എന്നിവയിലെല്ലാം പഞ്ചായത്തിന്റെ നിലപാട് പ്രധാനമായിരുന്നു. അന്ന് സമസ്ത അങ്ങനെ ഒരു നിലപാടെടുത്തതിന്റെ ഗുണം മനസ്സിലാക്കാന്‍ ജനപ്രതിനിധി സഭകളിലെ വഹാബികള്‍ക്ക്  അന്നും ഇന്നും ഉള്ള പ്രാതിനിധ്യം എത്രയാണെന്ന് ഒന്ന് താരതമ്യം ചെയ്തു നോക്കിയാല്‍ മതി. അപ്പോള്‍ മനസ്സിലാകും. ഇന്ന് മുസ്‌ലിം ലീഗ് മാത്രമല്ല, മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പോലും വഹാബികളെ സ്ഥാനാര്‍ത്ഥികളാക്കി നിര്‍ത്താന്‍ പേടിയാണ്.
ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെയും നിങ്ങളെയും വ്യത്യസ്ത ചേരികളാക്കാന്‍ നടന്ന ശ്രമങ്ങളെ കുറിച്ചാണ് നാം പറഞ്ഞു വന്നത്. അതില്‍ അവര്‍ വിജയിച്ചോ ?
ഇ.കെയും ഞാനും ഒന്നിച്ചായിരുന്നു എന്നതായിരുന്നു അവരുടെ തടസ്സം. ആ തടസ്സം നീക്കല്‍ മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.ഞങ്ങള്‍ ഒരുമിച്ചെടുത്ത പല നിലപാടുകളില്‍ നിന്നും ഇ.കെ പിന്നീട് പിറകോട്ട് പോയി. ഇ.കെ എതിര്‍ത്തത് കാരണം ഞങ്ങള്‍ വിട്ടുനിന്ന പല സംഘടനകളിലും ഇ.കെ പിന്നെ ഭാഗമായി. ശരീഅത്ത് വിവാദ കാലത്ത് സമസ്തയുടെ അഭിപ്രായവും പ്രതിഷേധവും അറിയിക്കാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഞങ്ങള്‍ തയ്യാറായി നില്‍ക്കെ യാത്രാ സംഘത്തില്‍ നിന്നും ഇ.കെ പിന്മാറി. അങ്ങനെ പലതും.
 10959719_794238820659944_181330764099676425_n
എങ്ങനെയാണ് ഇ.കെ ഇത്തരം നിലപാടിലേക്ക് മാറുന്നത് ?
അല്ലാഹു അഅ്‌ലം. ഇ.കെയുടെ ഇൗ മാറ്റം ഞങ്ങള്‍ക്കൊക്കെ അത്ഭുതമായി തോന്നി. പറഞ്ഞില്ലേ, ഞങ്ങളുടെ മേല്‍ അന്നുണ്ടായിരുന്ന ആക്ഷേപം ഞങ്ങള്‍ ഇ.കെയുടെ ആളുകള്‍ ആണ് എന്നതായിരുന്നു. ആ ഇ.കെ യാണ് ഇപ്പോള്‍ നേരെ തിരിച്ചുള്ള നിലപാടെടുത്തിരിക്കുന്നത്. അദ്ദേഹം അങ്ങനെ പെട്ടെന്ന് പോകും എന്ന് ഞങ്ങള്‍ കരുതിയില്ല. ഭൗതികമായ എന്തെങ്കിലും പ്രലോഭനങ്ങളില്‍ വീഴുന്ന ആളല്ല ഇ.കെ. അഭൗതികമായ മാര്‍ഗങ്ങളിലൂടെയെല്ലാം ആളുകളെ സ്വാധീനിക്കാന്‍ കഴിയും എന്നാണ് ഇസ്‌ലാമിന്റെ വിശ്വാസം.
ഇൗ ഇടര്‍ച്ചയുടെ ഭാഗമായാണോ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട് നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്തത്?
സമസ്ത ഒറ്റക്ക് ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങളില്‍ നിന്നെല്ലാം പിന്മാറുന്ന ഇ.കെയെയാണ് പിന്നീട് കാണുന്നത്. അങ്ങനെ ഇ.കെ ശരീഅത്ത് സംരക്ഷണ സമ്മേളന വേദിയിലും എത്തി. വഹാബികളോടൊപ്പം വേദി പങ്കിട്ടു. അവര്‍ ശരീഅത്ത് വിരുദ്ധ നിലപാടുകള്‍ പറഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. പക്ഷെ പലരും പറയുന്നത് പോലെ ഇൗ സമ്മേളനമായിരുന്നില്ല സമസ്തയിലെ പിളര്‍പ്പിന്റെ അടിസ്ഥാനകാരണം. മറ്റു  മുസ്‌ലിം സംഘടനകളുമായി ഇ.കെ വേദി പങ്കിട്ടതുകൊണ്ടാണ്  പിന്നീടുള്ള പ്രശ്‌നങ്ങളൊക്കെ സംഭവിച്ചതെന്നു പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ കാരണം മറച്ചു വെക്കാന്‍ വേണ്ടിയാണ്. മാത്രമല്ല സമുദായത്തിന്റെ ഐക്യത്തിന് ഞങ്ങള്‍ എതിരാണ് എന്ന് പ്രചരിപ്പിക്കാനും ആ കാരണം പറയലാണ് ഉചിതമെന്നവര്‍ക്ക് തോന്നിയിട്ടുണ്ടാകും . അതായിരുന്നു കാരണമെങ്കില്‍ ആ സമ്മേളനത്തില്‍ പങ്കെടുത്ത ഫസല്‍ പൂക്കോയ തങ്ങളും മറുപക്ഷത്തായിരിക്കുമല്ലോ ഉണ്ടാവുക. ഫസല്‍ തങ്ങളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. പക്ഷെ ആ തെറ്റ് പിന്നീട് അദ്ദേഹം തിരുത്തിയിട്ടുമുണ്ട് . എസ്.വൈ.എസിന്റെ യോഗത്തില്‍ ഫസല്‍ തങ്ങള്‍ തന്റെ നിലപാട് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചത് ഞാനായിരുന്നു.
അപ്പോള്‍ പിന്നെ എന്തായിരുന്നു ശരിയായ കാരണം ?
ഇ.കെയുടെ നിലപാട് മാറ്റത്തിനു ശേഷം, ഞങ്ങളെ, പുറത്താക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഇ.കെ തന്നെയായിരുന്നു ഇൗ നീക്കത്തിന് നേതൃത്വം നല്‍കിയത് എന്നത് മറ്റൊരു വിരോധാഭാസം. അങ്ങനെ ഞങ്ങള്‍ നാട്ടില്‍ ഇല്ലാത്ത നേരത്ത് മുശാവറ വിളിക്കുന്നു. അതിനെതിരെ ടി.സി മുഹമ്മദ് മുസ്‌ലിയാര്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുന്നു. പിന്നീട് ചേര്‍ന്ന ഞങ്ങളെല്ലാം പങ്കെടുത്ത യോഗത്തില്‍ സമസ്തയുടെ കേസ് നടത്തുന്നതിന് മിനുട്‌സില്‍ ചില തിരുത്തലുകള്‍ വരുത്തണമെന്നും അതിനുള്ള പൂര്‍ണ്ണ അധികാരം സെക്രട്ടറിക്ക് നല്‍കണമെന്നും ആവശ്യപ്പെടുന്നു. സമസ്തയുടെ മിനുട്‌സ് അങ്ങനെ ഏകപക്ഷീയമായി ഒരാളെ തിരുത്താന്‍ അനുവദിക്കാന്‍ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. അങ്ങനെ അനുവാദം നല്‍കുന്നത് വലിയ അപകടമായിരിക്കും എന്ന് ഞങ്ങള്‍ മനസ്സിലാക്കി. പ്രത്യേകിച്ചും ഇ.കെയുടെ നിലപാടില്‍ കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ ഉണ്ടായ  മാറ്റങ്ങളുടെ പശ്ചാതലത്തില്‍. മിനുട്‌സ് തിരുത്തുന്നത്  സംബന്ധിച്ച  ഇൗ തര്‍ക്കമാണ് യഥാര്‍ത്ഥത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പുന:സംഘടിപ്പിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിച്ച സാഹചര്യം.
നിങ്ങള്‍ നേരത്തെ സൂചിപ്പിച്ച, മലപ്പുറത്ത് നിന്നുള്ള മുശാവറ അംഗങ്ങളുടെ കൂട്ടത്തിലേക്ക് ഇ.കെയും കൂടി എന്നാണോ?
അതെ, ലീഗിന്റെ ആവശ്യമായിരുന്നു അത്.
ആരൊക്കെയായിരുന്നു നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്?
ഉള്ളാള്‍ തങ്ങള്‍, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍
ഇവരെല്ലാം ഏതു ജില്ലക്കാരായിരുന്നു?
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
അപ്പോള്‍ മലപ്പുറവും മറ്റു ജില്ലക്കാരും തമ്മിലുള്ള ഒരുതരം പ്രാദേശിക താല്‍പര്യങ്ങളും കൂടിക്കുഴഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കാം?
ബാഫഖി തങ്ങള്‍ക്ക് ശേഷം വന്ന ലീഗ് നേതൃത്വത്തിന്റെ താല്‍പര്യങ്ങളെ മലപ്പുറം ജില്ലയിലെ മുശാവറ അംഗങ്ങളില്‍ ചിലര്‍ പിന്തുണച്ചു എന്നത് ശരിയാണ്. അല്ലാതെ അതില്‍ പ്രാദേശിക താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 
ഒരേ ജില്ലയിലെ ആളുകള്‍ എന്നനിലയില്‍  മലപ്പുറത്തുള്ള ആളുകള്‍ക്ക് പരസ്പരം സംസാരിക്കാനും യോഗങ്ങള്‍ക്കെത്തുന്നതിനു മുമ്പ് കാര്യങ്ങള്‍ ആലോചിക്കാനുള്ള സാധ്യതകള്‍ ഏറെയുണ്ടായിരുന്നിരിക്കണം. നിങ്ങളുടെ കൂടെ ഉണ്ടായിരുന്നവര്‍ എങ്ങനെയാണ്  ആ കാലത്ത്  പരസ്പരം ആശയ വിനിമയം നടത്തിയത്?
ഞങ്ങള്‍ നേരത്തെ ആലോചിച്ച് തീരുമാനിച്ചൊന്നുമല്ല ആ യോഗത്തിനെത്തിയത്. അങ്ങനെ പരസ്പരം സംസാരിക്കാനുള്ള സാഹചര്യവും കുറവായിരുന്നു. മാത്രമല്ല ആ സമയത്ത് ഞാന്‍ പലപ്പോഴും മര്‍കസിന്റെ പ്രചാരണാര്‍ത്ഥം വിദേശത്തായിരുന്നു. സമസ്തയുടെ മിനുട്‌സ് തിരുത്തണമെന്ന് പറഞ്ഞപ്പോള്‍ സമസ്തയെ സ്‌നേഹിക്കുന്ന മുശാവറ അംഗങ്ങള്‍ സ്വാഭാവികമായും എടുത്ത നിലപാടായിരുന്നു ഞങ്ങളുടെ നിലപാട്. അത് കാലേകൂട്ടി തീരുമാനിച്ചതൊന്നും ആയിരുന്നില്ല.10847208_799518440131982_5571207323927233770_o
പക്ഷേ രണ്ടു  പക്ഷത്തുണ്ടായിരുന്നവരുടെ ഏകദേശ ചിത്രം അതിനകം തന്നെ തെളിഞ്ഞു വന്നിട്ടുണ്ടായിരുന്നല്ലോ?
അത് ശരിയാണ്. അതിനു മുമ്പ് നടന്ന എസ്.വൈ.എസ് എറണാകുളം സമ്മേളനത്തോടെ തന്നെ ഇത് വ്യക്തമായിരുന്നു. എന്നാലും ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഉള്ളാ ള്‍ തങ്ങള്‍, എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരല്ലാം ആ വഴിക്കുള്ള ശ്രമങ്ങളും നടത്തിയിരുന്നു.വലിയൊരു പാരമ്പര്യമുള്ള സംഘടനയാണല്ലോ സമസ്ത.
ഇൗ സംഭവങ്ങള്‍ക്ക് ശേഷവും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുമായി വ്യക്തിബന്ധം പുലര്‍ത്തിയിരുന്നോ ?
അതെ, ഇ.കെ യുടെ ഭാര്യ മരിച്ചപ്പോഴൊക്കെ ഞാന്‍ വീട്ടില്‍ പോയിരുന്നു.  അന്ന് എന്നെകൊണ്ടാണ് ഇ.കെ ദുആ ചെയ്യിപ്പിച്ചത്.
ഒരുവലിയ സംഘര്‍ഷാവസ്ഥ ആയിരിക്കുമല്ലോ നിങ്ങള്‍ ഇൗ സമയത്തൊക്കെ നേരിട്ടത്. ദീര്‍ഘ കാലത്തെ പാരമ്പര്യമുള്ള ഒരു സംഘടന രണ്ടാവുകയാണ്. അതിലെ പ്രശ്‌നങ്ങളുടെ ഒരു ഭാഗത്ത് നിങ്ങളാണുള്ളത്. എന്തായിരുന്നു അക്കാലത്തെ മാനസികാവസ്ഥ?
  വലിയ വിഷമങ്ങള്‍ നേരിട്ട സമയമായിരുന്നു അത്. സമുദായത്തിന് നേതൃത്വം കൊടുക്കേണ്ട  പണ്ഡിതന്‍മാരുടെ പേരിലാണല്ലോ ഇൗ പ്രശ്‌നങ്ങളും ആരോപണങ്ങളും ഒക്കെ നടക്കുന്നത്. അതില്‍ ഒരു മുഅ്മിനിന് സന്തോഷിക്കാന്‍ കഴിയില്ലല്ലോ.
എങ്ങനെയാണ് ഇൗ സംഘര്‍ഷാവസ്ഥയെ നേരിട്ടത് ?
എന്റെ ആത്മീയ ഗുരു സി.എം മടവൂരും എന്റെ അടുത്ത നാട്ടുകാരനും കൂട്ടുകാരനുമായിരുന്ന അവേലത്ത് തങ്ങളുമായിരുന്നു വ്യക്തിപരമായി എനിക്ക് ധൈര്യം നല്‍കിയ പ്രധാനപ്പെട്ട ആളുകള്‍. താജുല്‍ ഉലമയൊക്കെ അക്കാലത്ത് പ്രകടിപ്പിച്ച അസാമാന്യമായ ധൈര്യം മറക്കാന്‍ കഴിയില്ല. ഞങ്ങളൊന്നുമില്ലെങ്കിലും ഒറ്റക്ക് ഇക്കാര്യങ്ങളൊക്കെ ചെയ്യും എന്ന തരത്തിലായിരുന്നു താജുല്‍ ഉലമ. സമസ്ത പുനസംഘടിപ്പിക്കുന്നതിന് മുമ്പുള്ള അവസാനത്തെ മുശാവറയോഗത്തില്‍ താജുല്‍ ഉലമ ചെയ്ത പ്രസംഗം കേട്ട ഒരാള്‍ക്കും താജുല്‍ ഉലമയോടൊപ്പം നില്‍ക്കാതിരിക്കാന്‍ സാധിക്കുമായിരുന്നില്ല. അത്രയും ശക്തവും വ്യക്തവുമായിരുന്നു അദ്ധേഹത്തിന്റെ നിലപാട്. ദീനിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. അത് എത്രവലിയ ആളോടായാലും പാടില്ല. അതായിരുന്നു അവരുടെയൊക്കെ ഒരു നയം. താജുല്‍ ഉലമയുടെ ഇൗ ധൈര്യവും എം.എ അബ്ദുല്‍ ഖാദിര്‍ മുസലിയാരെ പോലുള്ളവരുടെ ദീര്‍ഘകാലത്തെ സംഘടനാ പരിചയവുമൊക്കെയാണ് ഇൗ കാലത്ത് വലിയ തുണയായത്.
ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിലാണ് നിങ്ങള്‍ ഇറങ്ങിപ്പോരുന്നതും സമസ്തക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും. പക്ഷെ ഇൗ പ്രസ്ഥാനം പിന്നീട് അറിയപ്പെടുന്നത് നിങ്ങളുടെ പേര്‍ ചേര്‍ത്താണല്ലോ  ?
താജുല്‍ ഉലമയായിരുന്നു ഇക്കാലത്തൊക്കെ ഞങ്ങളുടെ മാര്‍ഗ ദര്‍ശി. ഇപ്പോഴും അങ്ങിനെതന്നെ. താജുല്‍ ഉലമയുടെ സമ്മതമില്ലാതെ ഒരു തീരുമാനങ്ങളും ഞങ്ങളെടുത്തിട്ടില്ല. അദ്ദേഹം കാണിച്ചുതന്ന വഴിയേ അല്ലാതെ സമസ്ത ഇനി പ്രവര്‍ത്തിക്കുകയുമില്ല. അദ്ധേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയായിരുന്നു ഞങ്ങളുടെ ചുമതല. താജുല്‍ ഉലമ തന്നെ സമ്മേളനങ്ങളില്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ. എനിക്ക് ഒാടിനടക്കാന്‍ ആരോഗ്യം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ എ.പിയെ കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന്. ഇത് താജുല്‍ ഉലമ നയിച്ച പ്രസ്ഥാനമാണ്. എന്റെ പേര് ആളുകള്‍ സൗകര്യത്തിന് ഉപയോഗിക്കുന്നതാകാം.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കൂടിയയാണല്ലോ നിങ്ങള്‍. പിളര്‍പ്പിന് ശേഷം ഇങ്ങനെ ഒരു സംഘടന രൂപീകരിക്കാന്‍ കാരണം ?
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യെ ഞങ്ങള്‍ പുന:സംഘടിപ്പിച്ചു. സമസ്തയുടെ പൂര്‍വ്വകാല നേതാക്കള്‍ സ്വീകരിച്ച നയനിലപാടുകളുമായി അതിപ്പോഴും പ്രവര്‍ത്തിക്കുന്നു.സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ദേശീയതലത്തില്‍ വ്യാപിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തു ന്നത്. അതൊരു പുതിയ സംഘടനയൊന്നുമായിരുന്നില്ല. നേരത്തെ ഉണ്ടായിരുന്നതാണ്. സമസ്തയുടെ ഇന്നു കാണുന്ന പതാകയുടെ മാതൃക അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ പതാകയാണ്. അതിലെ എഴുത്ത് ഒഴിവാക്കിയ പതാക 1963 ലാണ് സമസ്ത സ്വന്തം  പതാകയായി അംഗീകരിച്ചത്. 90നു ശേഷം ഞങ്ങള്‍ പ്രവര്‍ത്തനം ഒന്നു കൂടി ശക്തമാക്കി എന്നു മാത്രം.
വഹാബികള്‍ക്ക് വോട്ടുചെയ്യരുതെന്ന എസ്.വൈ.എസിന്റെ ആ പഴയ സര്‍ക്കുലറിന് ഇപ്പോഴും പ്രാധാന്യമുണ്ടോ  ?
തീര്‍ച്ചയായും ഉണ്ട്.. ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ പ്രധാന താല്‍പര്യം മുസ്ലിംകളുടെ വിശ്വാസം സംരക്ഷിക്കുകയെന്നതാണ്. ആ വലിയ ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് ഞങ്ങളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍. ആ പ്രവര്‍ത്തനങ്ങള്‍കൊണ്ട്  ഇൗ ഭൗതിക ലോകത്തും ചില നേട്ടങ്ങള്‍ സമൂഹത്തിന് ഉണ്ടാകുന്നു എന്ന് മാത്രം. പരലോകത്തെ വിജയമാണ് ഇതിനേക്കാള്‍ എല്ലാം പ്രധാനം.
കേരളത്തിലെ വഹാബി പ്രസ്ഥാനത്തില്‍ സംഭവിച്ച ശൈഥില്യങ്ങളും പരസ്പര തര്‍ക്കങ്ങളും ലീഗ് നേതൃത്വത്തെ വഹാബികളുമായുള്ള ബന്ധത്തെ കുറിച്ച് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകില്ലേ  ?
മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. അധികാരമാണ് അവരുടെ ലക്ഷ്യം. അതിന് ജനങ്ങളുടെ വോട്ട് വേണം. വഹാബികള്‍ക്ക് കേരളത്തില്‍ എന്ത് സ്വാധീനമാണുള്ളത്? രാഷ്ട്രീയ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് അവര്‍ക്ക് ഇത്രയും കാലം പിടിച്ചുനില്‍ക്കാനായത്. അത് ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് കാര്യം. സമുദായത്തിന്റെ കെട്ടുറപ്പിനെ, വിശ്വാസപരമായ ഭദ്രതയെ തകര്‍ക്കുക എന്നതായിരുന്നു വഹാബിസത്തിന്റെ പ്രധാന ലക്ഷ്യം. അതവരുടെ കാര്യത്തില്‍ തന്നെ അറംപറ്റി. അതോടെ വഹാബിസത്തിന്റെ തകര്‍ച്ച തന്നെ പൂര്‍ണമായി. ഇന്ന് ഞാന്‍ വഹാബിയാണ് എന്ന് പറഞ്ഞു നടക്കാന്‍ ധൈര്യം കാണിക്കുന്ന ആളുകള്‍ തന്നെ ഇല്ലാതെയായി. വഹാബിയെന്നു പറഞ്ഞാല്‍ ഏതു വിഭാഗം വഹാബികളെക്കുറിച്ചാണ് എന്ന് ആളുകള്‍ തിരിച്ചു ചോദിക്കുന്ന അവസ്ഥയാണിപ്പോള്‍. വഹാബികളുടെ സ്വാധീനം കേരളത്തില്‍ അവസാനിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ആര്‍.എസ്.എസിനു വോട്ടു ചെയ്താലും മുജാഹിദുകള്‍ക്ക് വോട്ടു ചെയ്യില്ല എന്ന ഇ.കെ അബൂബക്കര്‍ മുസ്ലിയായാരുടെ പ്രസ്താവനയെയും ഇപ്പോള്‍ നിങ്ങള്‍ പിന്തുണക്കുമോ ?
ഞാന്‍ പറഞ്ഞില്ലേ, അധികാരത്തെക്കാള്‍ വിശ്വാസമാണ് ഞങ്ങള്‍ക്ക് പ്രധാനം. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് മാതൃക ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ആണ്. സാമൂതിരിയുടെ രാജ്യത്തെ ‘ദാറുല്‍ ഇസ്ലാം’ എന്നാണ് സൈനുദ്ദീന്‍ മഖ്ദൂം വിളിച്ചത്. ഭരണാധികാരി അല്ലെങ്കില്‍ എം.പി, എം.എല്‍.എ മുസ്ലിം ആകുന്നത് കൊണ്ടുമാത്രം സമുദായത്തിന് ഗുണം ഉണ്ടായിക്കൊള്ളണമെന്നില്ല. ഒരുപക്ഷെ അതിനേക്കാള്‍ ഗുണം ഒരമുസ്‌ലിം ഭരണാധികാരിയില്‍ നിന്ന്, എം.പിയില്‍ നിന്ന് സമുദായത്തിന് ലഭിച്ചേക്കാം. ചരിത്രത്തില്‍ തന്നെ അതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഇല്ലേ? സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉള്ള ഒരു മുസ്‌ലിമിനേക്കാള്‍ നീതിമാനായ ഒരമുസ്‌ലിം ഭരണാധികാരിയെ പിന്തുണക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരുവിഷമവും ഇല്ല.
ഇൗ നിലപാടിന്റെ ഭാഗമായാണോ ബി.ജെ.പിയെയും മോദിയെയുമൊക്കെ ന്യായീകരിച്ചു സംസാരിക്കുന്നത് ?
ഏതു സംസാരമാണ് ഇൗ ചോദ്യം കൊണ്ട്  നിങ്ങള്‍  ഉദ്ദേശിക്കുന്നത്.
ഗുജറാത്തിനെ കുറിച്ച് അറിയില്ലെന്നും മറ്റുമൊക്കെ നിങ്ങള്‍ ബഹ്‌റൈനിലെ ഒരു സ്വീകരണ ചടങ്ങിനിടെ മാധ്യമങ്ങളോട് പറഞ്ഞതായി വന്ന വാര്‍ത്ത ?
ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിനെ സ്വന്തം താല്‍പര്യപ്രകാരം വ്യാഖ്യാനിച്ച് ഒരു പത്രം കൊടുത്ത വാര്‍ത്തയാണത്. രണ്ടാമത്തെ കാര്യം ഏതെങ്കിലും ഒരു മുസ്‌ലിം നേതാവ്, അല്ലങ്കില്‍ സംഘടന ബിജെപിയെ അല്ലെങ്കില്‍ മോദിയെ പിന്തുണച്ചാല്‍ ബി.ജെ.പിയെക്കാളും സന്തോഷം ചില മുസ്‌ലിം സംഘടനകള്‍ക്കാണ്. കാരണം സ്വന്തം സമുദായത്തിലെ മറ്റു ആളുകള്‍ക്ക് നേരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാനും അവരെ ഒറ്റപ്പെടുത്താനുമുള്ള അവസരത്തിനായി കാത്തിരിക്കുകയാണവര്‍. അവര്‍ക്ക് അതിനു വീണുകിട്ടുന്ന അവസരമാണത്. അപ്പോള്‍ അത്തരം ആളുകള്‍ക്കാണ് സംഘടന വളര്‍ത്താന്‍ ബി.ജെ.പിയെയും മറ്റും കൂടുതല്‍ ആവശ്യം.
പിന്നെ എന്തായിരുന്നു നിങ്ങള്‍ അവിടെ പറഞ്ഞത്?
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കണം. ഗുജറാത്തിലെ കലാപത്തെക്കുറിച്ചു മാത്രം സംസാരിച്ചിരുന്നാല്‍ നാം ഇവിടെ ചെയ്യേ്യൂ ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ആളില്ലാത്ത അവസ്ഥ ഉ്യൂാകും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച ശേഷം മാത്രമേ ഞാനിനി സര്‍ക്കാറോഫീസില്‍ പോവുകയുള്ളൂ, അല്ലെങ്കില്‍ ഒരു മന്ത്രിയെ കാണൂ എന്നൊന്നും ഉത്തരവാദിത്വമുള്ള ഒരാള്‍ക്ക് പറയാനാകില്ല. അങ്ങനെ പറയാന്‍ പറ്റുന്നവര്‍ ഉണ്ടാകും. അവര്‍ സമുദായത്തിനു വേണ്ടി  എന്താണ് ചെയ്തതെന്ന് ഒന്ന് പരിശോധിച്ചു നോക്കിയാല്‍ മതി. സമുദായത്തില്‍ സ്വാധീനമോ ആളുകളോ ഇല്ലാത്തവരായിരിക്കും അവര്‍. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വേണം. പക്ഷെ, മുസ്‌ലിംകളുടെ ഭാവിയെ കൂടി ഇത്തരം ചര്‍ച്ചകള്‍ പരിഗണിക്കണം. അതിനു പകരം ഗുജറാത്തില്‍ തങ്ങി നില്‍ക്കുകയാണ് ഇത്തരം ചര്‍ച്ചകള്‍. ആ നിലപാട് മാറണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
 PINARAYI_VIJAYAN_11083f
ഫാസിസത്തിനെതിരെ കൂട്ടായ പരിശ്രമം അസാധ്യമാണെന്നും പറഞ്ഞല്ലോ ?
ഇന്ത്യയിലെ മുസ്‌ലിംകളുടെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കാതെയുള്ള ഏതൊരു നടപടിയും മുസ്‌ലിംകളുടെ വിശാലമായ താല്‍പ്പര്യത്തിന് അപകടം ചെയ്യും. അതേതു കൂട്ടായ്മയുടെ പേരിലാണങ്കിലും. ഞാന്‍ ഇൗ പറയുന്നതിന്റെയൊക്കെ അര്‍ഥം മനസ്സിലാവണമെങ്കില്‍ നിങ്ങള്‍ ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിലൂടെയൊക്കെ ഒന്ന് സഞ്ചരിച്ച് നോക്കിയാല്‍ മതി. ഭരണകൂടത്തെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള  നീക്കങ്ങളായിരിക്കും മുസ്‌ലിംകള്‍ക്ക് കൂടുതല്‍ അനുയോജ്യം എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
പക്ഷേ, ഇൗ ഭരണകൂടങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിംകളോട് സ്വീകരിച്ച നിലപാടുകള്‍ അവരെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതാണോ?
അല്ലായിരിക്കാം, ഇവിടുത്തെ ജയിലുകളിലുള്ള നിരപരാധികളില്‍ അധിക പേരും മുസ്‌ലിംകളാണ്. മുസ്ലിംകളുടെ സ്ഥിതി വളരെ ദയനീയമാണ് എന്ന് സച്ചാര്‍ കമ്മിറ്റി തന്നെ പറകയുണ്ടായി.അതിനൊക്കെ കാരണം ഇവിടുത്തെ സര്‍ക്കാറുകളാണ്. അത് കരുതി നിങ്ങള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞെന്നു കരുതുക. എന്തുകൊണ്ടാകും . സാഹചര്യങ്ങള്‍ മനസ്സിലാക്കിയേ നാം ഏതൊരു പ്രവര്‍ത്തിയും ചെയ്യാവൂ.
അവസരവാദപരമായ നിലപാടുകള്‍ എടുക്കണം എന്നെല്ലേ അതിനര്‍ഥം? 
നിങ്ങള്‍ അതിനങ്ങനെ അര്‍ഥം വെച്ചോളൂ. ഇന്ത്യയിലെ മുസ്‌ലിംകളുടെ വിശാലമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ ഭാവിക്ക് ഭീഷണിയാവുന്ന ഒരു കാര്യവും ഞങ്ങള്‍ ചെയ്യില്ല
സംരക്ഷണം വേണ്ടവരാണ് ഗുജറാത്തിനെക്കുറിച്ച് അറിയില്ല എന്ന് പറയുന്നത് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത് ?
അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല എന്ന് നേരത്തെ പറഞ്ഞല്ലോ. നിരുത്തരവാദപരമായി വരുന്ന പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കി പ്രസ്താവനകള്‍ നടത്തുന്നത് നല്ല രാഷ്ട്രീയ നേതാക്കള്‍ക്ക് ചേര്‍ന്നതല്ല.
ബി.ജെ.പിയില്‍നിന്ന് എന്തെല്ലാമോ ആനുകുല്യങ്ങള്‍ നിങ്ങളും സംഘടനകളും പ്രതീക്ഷിക്കുന്നുണ്ട്  എന്നാണ് അദ്ദേഹം പറയുന്നത് ?
സംരക്ഷണം വേണ്ടവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. അദ്ദേഹം പറഞ്ഞത് ശരിയാണ്. ആ സംരക്ഷണത്തിനാവശ്യമായ ആനുകുല്യങ്ങള്‍ ഞങ്ങള്‍ എല്ലാ സര്‍ക്കാറുകളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.. അത് ഇവിടുത്തെ മുസ്‌ലിംകളുടെ അവകാശമാണ്. ഭരണഘടന നല്‍കുന്ന അവകാശമാണത്. ആരുടെയും ഒൗദാര്യമല്ല. അത് ഏത് സര്‍ക്കാറുകളായിരുന്നാലും നല്‍കിയേ മതിയാകൂ. ആ ആനുകുല്യങ്ങളും അവകാശങ്ങളും സര്‍ക്കാറുകള്‍ വേണ്ടവിധം നല്‍കാത്തതുകാരണമാണ് പശ്ചിമ ബംഗാളിലൊക്കെയുള്ള മുസ്‌ലിംകള്‍ ഇന്നത്തെ അവസ്ഥയിലായിപ്പോയത്  എന്നാണ്   സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയത്.
ഒരുകാലത്ത് സി.പി.എമ്മുമായി വലിയ അടുപ്പത്തിലായിരുന്നല്ലോ, ഇപ്പോള്‍  ഇതെന്തു സംഭവിച്ചു? 
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഞങ്ങള്‍ക്ക് തുല്യ അകലമാണ്. ആരോടും പ്രത്യേക  അടുപ്പമോ വിദ്വേഷമോ  ഇല്ല. സമസ്തയിലെ പുനസംഘാടനത്തിന്റെ സമയത്ത് ഞങ്ങളുടെ പ്രവര്‍ത്തകര്‍ വലിയ അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ പലയിടങ്ങളിലും സി. പി.എം സഹായിച്ചിട്ടു്ണ്ട് . ആ കടപ്പാട് അവരോട് ഞങ്ങള്‍ക്കുണ്ട്.
ആര്യാടന്‍ മുഹമ്മദാണ് യു.ഡി. എഫില്‍ സമസ്തയുടെ പ്രതിനിധി എന്നത് ശരിയാണോ?
സമസ്തക്ക് അങ്ങനെ രാഷ്ട്രീയത്തില്‍ എവിടെയും പ്രതിനിധികളോ ഏജന്റുമാരോഇല്ല. പിന്നെ, ഞങ്ങളെ ആവശ്യമാണ്, ഞങ്ങളുടെ കൂടെ നില്‍ക്കുന്നതാണ് നല്ലതെന്ന് ആളുകള്‍ക്ക് തോന്നുന്നെങ്കില്‍ അതിനു ഞങ്ങള്‍ എന്തുചെയ്യാനാണ്. നിങ്ങള്‍ ഞങ്ങളുടെ അടുത്ത് വരേണ്ട എന്ന് പറയണോ. ശത്രു മിത്ര ഭേദമന്യേ ആരേയും ഞങ്ങള്‍ സ്വീകരിക്കും. അത് ഇസ്‌ലാമിക മര്യാദയാണ്.അവരെ ഉള്‍ക്കൊള്ളണമോ വേണ്ടെയോ എന്നത് വേറെ കാര്യം.
നിങ്ങളുടെ പൊതുപ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമായിരുന്നു പ്രമാദമായ ചേകന്നൂര്‍ കേസ്?
ചേകന്നൂര്‍ മൗലവിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട  സൊസൈറ്റിക്കെതിരെ സമസ്ത പ്രമേയം പാസാക്കുന്നത് 1970ലാണ്. അതിന്റെ ആശയങ്ങള്‍ ഇസ്‌ലാമിക വിരുദ്ധമായിരുന്നു എന്നതായിരുന്നു എതിര്‍ക്കാന്‍ കാരണം. മറ്റെല്ലാ സുന്നി  വിരുദ്ധരേയും നേരിട്ടതുപോലെ അദ്ദഹത്തിന്റെ ആശയങ്ങളേയും ആശയപരമായിട്ടായിരുന്നു നേരിട്ടത്. ആദര്‍ശപരമായി സുന്നി വിരുദ്ധ ചേരിയിലുണ്ടായിരുന്നവരില്‍ ഏറ്റവും ദുര്‍ബലരും അവരായിരുന്നു. അങ്ങനെയുള്ള ഒരാളെയും അയാളുടെ പ്രസ്ഥാനത്തേയും ഞങ്ങള്‍ നേരിടാനൊരുങ്ങി എന്നൊക്കെ പറഞ്ഞാല്‍ ബുദ്ധിയുള്ളവര്‍ വിശ്വസിക്കുമോ. അദ്ധേഹം ഞങ്ങള്‍ക്ക് ഒരു ഭീഷണിയെ ആയിരുന്നില്ല.
പിന്നെ നിങ്ങള്‍ എങ്ങനെയാണ് ആ കേസില്‍ കക്ഷി ചേര്‍ക്കപ്പടുന്നത് ?
ഞങ്ങള്‍ക്കെതിരെ എന്തെങ്കിലും ആക്ഷേപം ഉന്നയിക്കാന്‍ കഴിയുമ്പോള്‍ ഒന്നിക്കുന്ന ഒരുപാട് പെരുണ്ടിവിടെ. അപ്പോള്‍ സ്വന്തം താല്‍പ്പര്യങ്ങളെല്ലാം മാറ്റിവെച്ച് അവര്‍ ഞങ്ങള്‍ക്കെതിരെ ഒന്നിക്കും. ഞങ്ങളെ തകര്‍ക്കാന്‍ പറ്റുമോയെന്ന് കൂട്ടമായി പരിശ്രമിച്ചുനോക്കും. അങ്ങനെ പല ആളുകളും കൂട്ടമായി ചേര്‍ന്നെടുത്ത ഗൂഢാലോചനയായിരുന്നു അത്. ആ ഗൂഢാലോചന അതേ പോലെ തകരുകയും ചെയ്തു.
ആരൊക്കെയായിരുന്നു ആ ഗൂഢാലോചനക്കു പിന്നില്‍ ?
അന്നത്തെ പത്രവാര്‍ത്തകളൊക്കെ വായിച്ചവര്‍ക്കത് മനസ്സിലാകും.കഴിഞ്ഞ കാര്യങ്ങളെല്ലേ, നാം വെറുതെ ആളുകളെ വേദനിപ്പിക്കേണ്ട .
ഇപ്പോഴിതാ താങ്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ മറ്റൊരു കേസ്. ആത്മീയ ചൂഷണം നടത്തുന്നു എന്നാണ് പരാതി ?
നിയമമൊക്കെ നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആത്മീയത എന്താണ് , വിശ്വാസം എന്താണ്, അന്ധവിശ്വാസം എന്താണ് എന്നതിനൊക്കെ ഇസ്‌ലാമിനു വ്യക്തമായ  കാഴ്ചപ്പാടുണ്ട്.. അത് പിന്‍പറ്റി ജീവിക്കുന്നവരാണ് ഞങ്ങള്‍. ഒരാളുടെ വിശ്വാസംതന്നെ എല്ലാവരുടേയും വിശ്വാസമാവണമെന്നില്ല. എന്റെ വിശ്വാസം നിങ്ങള്‍ക്ക് അന്ധവിശ്വാസമായിരിക്കും. നിങ്ങളുടെ അന്ധവിശ്വാസം മറ്റൊരാള്‍ക്ക് ആത്മീയതയായിരിക്കാം. ഇതൊക്കെ കോടതികളും സര്‍ക്കാറുകളും തീരുമാനിക്കാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും .
നിങ്ങളുടെ കൈവശമുള്ള പ്രവാചക കേശമാണ് ഇൗ വിവാദങ്ങളുടെയെല്ലാം മുഖ്യഹേതു. അത് തന്ന ആള്‍ക്ക് തന്നെ തിരിച്ചുകൊടുത്താല്‍ ഇൗ പ്രശ്നങ്ങളെല്ലാം കുറേ തീരില്ലേ? 
അല്ലാഹുവിന്റെ പ്രവാചകന്റെ തിരു ശേഷിപ്പുകളോട് അനാദരവ് കാണിക്കുന്ന ഒരു ചെറിയ കാര്യം പോലും ചെയ്യാന്‍ വിശ്വാസിക്കാവില്ല. എനിക്കെതിരെ ആളുകള്‍ ആക്ഷേപിച്ചു സംസാരിക്കുന്നു എന്നതൊന്നും എന്നെ സംമ്പന്ധിച്ചെടുത്തോളം  വലിയകാര്യമല്ല. അങ്ങനെ ചെയ്യുന്നവര്‍ അത് ചെയ്യട്ടെ. എനിക്ക് ആക്ഷേപങ്ങളേക്കാളും വലുതാണ് മുത്തുനബിയോടുള്ള സ്‌നേഹവും ബഹുമാനവും. ഇനി ഞാനൊന്നുകൂടി പറയാം, ഞങ്ങളുടെ മറുപക്ഷത്ത് നില്‍ക്കുന്ന ഒരാളാണ് എനിക്കിതു നല്‍കുന്നതെന്നു കരുതുക. ഞാന്‍ അതും ആദരവോടെ വാങ്ങി സൂക്ഷിക്കും. കാരണം പ്രവാചകരുടെ കാര്യത്തില്‍ വിശ്വാസിയായ ഒരാള്‍ കളവ് പറയില്ല, പറയാന്‍ കഴിയില്ല എന്നാണ് മതം പഠിപ്പിക്കുന്നത്.
വേറെ എന്തൊക്കെ ജീവല്‍മരണ പ്രശ്‌നങ്ങളുണ്ട്‌  മുസ്‌ലിം സമുദായത്തില്‍ ?
ഒരു മുസ്‌ലിം വിശ്വാസിയുടെ ഏറ്റവും വലിയ ജീവല്‍പ്രശ്‌നം അവന്റെ പ്രവാചകനാണ്. അതുകഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ.
സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ പലപ്പോഴും പരുഷമായ നിലപാടാണ് താങ്കള്‍ എടുക്കാറുള്ളതെന്നു തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമമായാലും ബഹൂഭാര്യത്വമായാലും എല്ലാം സ്ത്രീകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് താങ്കളുടേത്.?
സ്ത്രീകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടുകളോ? സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെങ്ങനെയാണ് സ്ത്രീകള്‍ ഉത്തരവാദികളാകുക. അക്രമം നടത്തുന്നവര്‍ക്കല്ലേ അതിന്റെ ഉത്തരവാദിത്വം. അക്രമിക്കപ്പെടാനുള്ള സാഹചര്യങ്ങളില്‍ നിന്ന് സ്ത്രീയെ രക്ഷിക്കാന്‍ ഇസ്‌ലാം ചില മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട് . ആ മാര്‍ഗങ്ങള്‍ പിന്‍പറ്റുന്നതാണ് അവര്‍ക്ക് നല്ലത്. ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു മരിച്ചില്ലേ. അതിനു ശേഷം സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി  കുറേ മുന്‍കരുതല്‍ നടപടികള്‍ നിര്‍ദേശിച്ചില്ലേ. അതുപോലെതന്നെ ഇസ്‌ലാമും ചില നിര്‍ദേശങ്ങള്‍ വെക്കുന്നുണ്ട്.. ആ നിര്‍ദേശങ്ങള്‍ പറഞ്ഞു കൊടുക്കല്‍ മതം പഠിച്ചവരുടെ ബാധ്യതയാണ്.സര്‍ക്കാര്‍ കരാട്ട പഠിക്കണം എന്ന നിര്‍ദേശം വെക്കുന്നു. ഞങ്ങള്‍ നല്ല രീതിയല്‍ വസ്ത്രം ധരിക്കണം എന്ന് പറയുന്നു.
 03082_185973
പക്ഷെ മറ്റു മുസ്‌ലിം മത സംഘടനകള്‍ക്കൊന്നും ഇത്തരം അഭിപ്രായങ്ങള്‍ ഇല്ലല്ലോ ?
ആരു പറഞ്ഞു? ഇത്തരം കാര്യങ്ങളിലെല്ലാം ഞങ്ങളുടെ അതേ നിലപാടുകള്‍ തന്നെയാണ് എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും.പിന്നെ, മറ്റുള്ളവര്‍  എന്തു കരുതും എന്ന് പേടിച്ച് അവര്‍ മിണ്ടാതിരിക്കും. ഞങ്ങള്‍ക്ക് പേടി അല്ലാഹുവിനെയും അവന്റെ നിയമങ്ങളെയുമായതിനാല്‍ ഞങ്ങള്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയും. ഇപ്പോള്‍ തന്നെ കണ്ടില്ലേ , സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിനെതിരെ എല്ലാ മതസംഘടനകളും രംഗത്ത് വന്നില്ലേ. മുസ്‌ലിംകളുടേത് മാത്രമല്ല. മറ്റു മതസ്ഥരുടെയും സംഘടനകള്‍ക്ക് ഇതേ അഭിപ്രായമാണുള്ളത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അപ്പോള്‍ അതാണ് കാര്യം. സ്വന്തം കാര്യം വരുമ്പോള്‍ എല്ലാവരും സുന്നികളെപ്പോലെയാകും.
ഒരുപക്ഷേ, കേരളത്തിലെ മുസ്‌ലിം നേതാക്കളില്‍ നിങ്ങളെപ്പോലെ യാത്ര ചെയ്ത ആളുകള്‍ കുറവായിരിക്കും. ഇന്ത്യക്ക് അകത്തേക്കാണെങ്കിലും പുറത്തേക്കാണെങ്കിലും. ഇപ്പോള്‍ തന്നെ, നമ്മുടെ ഇൗ സംസാരം നാം പൂര്‍ത്തിയാക്കുന്നത് വിവിധ രാജ്യങ്ങളില്‍ വെച്ചാണ്. ഇൗ പ്രായത്തിലും ഇങ്ങനെ യാത്ര ചെയ്യാന്‍ കഴിയുന്നത് എങ്ങനെയാണ്?
യാത്ര ചെയ്യുക എന്നത് ഒരു മുഅ്മിനായ മനുഷ്യന്റെ ബാധ്യതയാണ്. എന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല ഞാനീ യാത്രകളൊന്നും ചെയ്യുന്നത് എന്നത് തന്നെയാണ് എന്റെ ഉൗര്‍ജ്ജം. എന്റെ ഒാരോ യാത്രയിലും ഒാരോ ലക്ഷ്യങ്ങളുണ്ടാകും. ചെറുതും വലുതുമായ ലക്ഷ്യങ്ങള്‍. ആ ലക്ഷ്യങ്ങളെല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിര്‍വേറ്റപ്പെടാറുമുണ്ട് . ഞാന്‍ ആദ്യമായി യു.എ.ഇ യിലേക്ക് പോകുമ്പോള്‍ അനാഥകളായ നൂറ് കുട്ടികള്‍ക്ക് ഒരഭയ കേന്ദ്രം ഉണ്ടാക്കലായിരുന്നു ലക്ഷ്യം. ഇന്നിപ്പോള്‍ ഞാന്‍ വന്നിരിക്കുന്നത് മര്‍കസ് നോളജ് സിറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. സംഘടന വളര്‍ന്നു, സ്ഥാപനങ്ങളും. അതിനനുസരിച്ച് യാത്രകളിലും മാറ്റങ്ങള്‍ നടക്കുമല്ലോ
നോളജ് സിറ്റിയെക്കുറിച്ചു സൂചിപ്പിച്ചത് നന്നായി. എന്താണ് ഇൗ പദ്ധതികൊണ്ട്യൂുള്ള ഉദ്ദേശ്യം?
ആ പേരില്‍ തന്നെയില്ലേ അതിന്റെ ഉദ്ദേശ്യ ലക്ഷ്യം. നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് പഠനത്തിനും കച്ചവടത്തിനും താമസത്തിനും തുടങ്ങി അവരുടെ മറ്റെല്ലാ ആവശ്യങ്ങള്‍ക്കും ആശ്രയിക്കാന്‍ പറ്റുന്ന ഒരു സമ്പൂര്‍ണ്ണ സ്ഥാപനമാണ് നോളജ് സിറ്റി കൊണ്ട്മര്‍കസ് ഉദ്ദേശിക്കുന്നത്. പഴയ കാലത്തെ മുസ്‌ലിം നഗരങ്ങള്‍ ഒക്കെ അങ്ങനെയുള്ളതായിരുന്നു. അതിനൊക്കെ പിന്നീട് മാറ്റം വന്നു പോയതാണ്.
കച്ചവടതാല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നാണ് ആളുകള്‍ പറയുന്നത്? 
ഏതാളുകള്‍? കച്ചവടം എന്താ മോശം കാര്യമാണോ? നോളജ് സിറ്റിയില്‍ കച്ചവടവും ഉണ്ട് . കച്ചവടം ചെയ്യാന്‍ ആഗ്രഹിക്കുന്ന നല്ല ആളുകള്‍ക്ക് അതിനുള്ള സൗകര്യം ഞങ്ങള്‍ ചെയ്തു കൊടുക്കും. ഇപ്പോള്‍ തന്നെ മര്‍കസിനു കീഴില്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മാര്‍ഗ നിര്‍ദേശങ്ങളും കച്ചവട സംബന്ധമായുള്ളതും അല്ലാതെയുമുള്ള ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന എക്‌സലന്‍സി ക്ലബ്  പ്രവര്‍ത്തിച്ചുവരുന്നുണ്ട് . ഞങ്ങളെപ്പോലുള്ള ആളുകള്‍ ഇതിനൊക്കെ ഇറങ്ങുമ്പോള്‍ പണ്ട്മുതലേ കേള്‍ക്കുന്ന ആരോപണങ്ങളാണിതൊക്കെ. നിങ്ങള്‍ തന്നെ നോക്കൂ. പണ്ട്  അരീക്കോട്  നടന്ന സമ്മേളനത്തില്‍ പഴയ ഒരു മുശാവറ അംഗം പറഞ്ഞില്ലേ, റോഡു നന്നാക്കാനും പാലം കൊണ്ടുവരാനുമൊന്നും  താടിയും തലേക്കെട്ടും ഉള്ള ആളുകള്‍ വിചാരിച്ചാല്‍ നടക്കില്ല എന്ന്. അന്ന് അത് കേട്ട് നിന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?. ഇന്നിപ്പോള്‍ ഞങ്ങള്‍ തുടങ്ങുന്ന സ്ഥാപനങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരുന്നു.
ഇൗ യാത്രയില്‍ മറ്റു രാജ്യങ്ങളിലെ മുസ്‌ലിം നേതാക്കളെയുംപണ്ഡിതന്മാരെയുമൊക്കെ പരിചയപ്പെടാറില്ലേ.? അവരുടെയൊക്കെ പ്രവര്‍ത്തന രീതികളും അനുഭവങ്ങളും മനസ്സിലാക്കാന്‍ ശ്രദ്ധിക്കാറുണ്ടോ ?
ഇൗ യാത്രകളില്‍ നിന്നുണ്ട്യൂാകുന്ന പ്രധാന നേട്ടം അത് തന്നെയാണ്. വലിയ ആലിമീങ്ങളേയും സ്വാലിഹീങ്ങളേയുമൊക്കെ കാണാനും പരിചയപ്പെടാനും കഴിയുക. അത് വലിയ ഭാഗ്യമല്ലേ? അവരില്‍ പലയാളുകളുമായി  പിന്നീട് ബന്ധപ്പെടാനും കഴിയുക. അവരുടെ സേവനങ്ങളും അറിവും ഇവിടുത്തെ മുസ്‌ലിംകള്‍ക്ക് വേണ്ടി  ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുമുണ്ട് . അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പല സ്ഥാപനങ്ങളും മര്‍കസ് ആരംഭിച്ചത്. ഡോ.അലവി മാലികി മക്ക, ഡോ. ഉമര്‍ അബ്ദുല്ല കാമില്‍, ഡോ. അലി ജുമുഅ, ഡോ. റമദാന്‍ ബൂത്വി. പഴയ അഫ്ഘാന്‍ പ്രസിഡന്റും പണ്ഡിതനുമായ ബുര്‍ഹാനുദ്ധീന്‍ റബ്ബാനി, സ്‌കോട്ട് ലാന്റിലെ അബ്ദുല്‍ ഖാദിര്‍ അസ്സൂഫി, യമനിലെ ശൈഖ് ഹബീബ് ഉമര്‍, ഡോ. അലിയ്യുല്‍ ഹാശിമി… അങ്ങനെ നിരവധി പേരുമായുള്ള സ്‌നേഹ ബന്ധം എന്നെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട് . അത് ഇവിടുത്തെ പ്രവര്‍ത്തനങ്ങളിലും പ്രത്യേകിച്ച് മര്‍കസ് സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടു്യൂണ്ട്.
 DSC_0257
ഒറ്റക്കാണോ ഇൗ യാത്രകളൊക്കെ ചെയ്യാറുള്ളത് ?
അല്ല, മിക്കപ്പോഴും എന്റെ വിദ്യാര്‍ഥി കൂടിയായ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോടോ മകന്‍ അബ്ദുല്‍ ഹകീമോ കൂടെയുണ്ടാവും.
നിങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് മകന്‍ അബ്ദുല്‍ ഹകീം. ഹകീം കൂടെയുണ്ടാകണമെന്നത് നിങ്ങളുടെ തീരുമാനമായിരുന്നോ?
ഹകീം മര്‍കസില്‍ തന്നെയാണ് പഠിച്ചത്. പിന്നെ ഇവിടുത്തെ മറ്റു പല വിദ്യാര്‍ത്ഥികളെയും പോലെ ഇൗജിപ്തിലും മറ്റുമൊക്കെയായിരുന്നു തുടര്‍ പഠനം. അതിനു ശേഷം അവന്‍ മറ്റു ജോലികള്‍ ഏറ്റെടുക്കുന്നതിനു പകരം ഇങ്ങോട്ട് വന്നു. അവന്റെ ബിരുദമൊക്കെ വെച്ചുനോക്കുമ്പോള്‍ വേറെയും ജോലികളൊക്കെ കിട്ടുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ അതിനൊന്നും പോകാതെ ഇങ്ങോട്ടുതന്നെ വന്നു എന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്.

5 thoughts on “സ്വന്തം കാര്യം വരുമ്പോള്‍ എല്ലാവരും സുന്നികളെപ്പോലെയാവും

  1. അല്ലാഹു തആല AP ഉസ്താദിന് ദീർഘകാലം ദീനീഖിദ്മത്തിലായി ജീവിക്കാൻ ആഫിയത്തുള്ള ദീറ്ഘായുസ്സുനല്കി നാഥൻ അനുഗ്രഹി ക്കട്ടെ ? ആമീൻ !!!

    Like

    • Masha Allah. valare manoharamae usthadiney parijayapeduthiyad valiya albhudham thanney ustad. allahu usthadinn afiyathu dergayusdum nalgatte

      Like

Leave a comment